തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചേക്കും. സംസ്ഥാനത്തെ ഒഴിവുവന്ന നിയമസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യം. ഇതിന് പ്രതിപക്ഷത്തിന്റെ പിന്തുണയും മുഖ്യമന്ത്രി തേടിയിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവച്ചാല്‍ മാത്രമേ സര്‍ക്കാരിന്റെ ആവശ്യത്തെ പിന്തുണയ്ക്കുവെന്നാണ് പ്രതിപക്ഷ നിലപാട്.
അടുത്ത വര്‍ഷം ആദ്യ മാസങ്ങളില്‍ പുതിയ ഭരണ സമിതി അധികാരത്തിലെത്തുന്ന വിധത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് പുനഃക്രമീകരിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ നാളെ ചേരുന്ന സര്‍വ്വകക്ഷി യോഗത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകു.
അതേസമയം ഇടതുമുന്നണിയില്‍ ഇതു സംബന്ധിച്ച വ്യത്യസ്ത അഭിപ്രായമാണ് നിലനില്‍ക്കുന്നതെന്നാണ് സൂചന. ഘടകകക്ഷികള്‍ക്ക് ഉപതിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നതിനോട് താല്‍പര്യമില്ല. തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കാനുളള നീക്കത്തെ പിന്തുണയ്ക്കില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രനും വ്യക്തമാക്കിയിട്ടുണ്ട്.
ഒഴിവുവന്ന നിയമസഭ മണ്ഡലങ്ങളിലേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഉപതിരഞ്ഞെടുപ്പുമായി മുന്നോട്ടുപോകാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം. വ്യക്തമായ കാരണങ്ങളില്ലാതെ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും മാത്രം മതിയായ കാരണങ്ങളല്ല ഇപ്പോള്‍ ഉന്നയിക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. നിയമപ്രകാരം സീറ്റ് ഒഴിവുവരുന്ന കാലാവധി മുതല്‍ പ്രവര്‍ത്തനത്തിന് ഒരു കൊല്ലം വരെ സമയം ഉണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. അത് പാലിക്കണം. എന്നാല്‍ എല്ലാ പാര്‍ട്ടികളും ആവശ്യപ്പെട്ടാല്‍ ഇക്കാര്യം പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.



