തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ന്യായീകരിച്ചും സ്ത്രീവിരുദ്ധ പ്രസ്താവന നടത്തിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അറസ്റ്റിലായ കുളത്തൂപ്പുഴ ഗവ. ആശുപത്രിയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാര്‍ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവല്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് ചെന്നിത്തല വിവാദ പ്രസ്താവന നടത്തിയത്. ‘ഡിവൈഎഫ്‌ഐക്കാര്‍ക്കേ പീഡിപ്പിക്കാന്‍ പറ്റൂ എന്ന് എഴുതിവെച്ചിട്ടുണ്ടോ’ എന്നായിരുന്നു ചെന്നിത്തലയുടെ മറുപടി. പീഡനത്തെ നിസാരവത്കരിക്കുകയും പ്രതിയെ തള്ളിപ്പറയുകപോലും ചെയ്യാതിരുന്ന ചെന്നിത്തലയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. എന്‍ജിഒ അസോസിയേഷന്‍ കാറ്റഗറി സംഘടനയായ ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് അസോസിയേഷന്റെ സജീവ പ്രവര്‍ത്തകനാണ് അറസ്റ്റിലായ പ്രദീപ് കുമാര്‍. കോവിഡ് രോഗികളുടെ നിരീക്ഷണവുമായി ബന്ധപ്പെട്ട് പൊലീസിന് അധിക ചുമതല നല്‍കിയ തീരുമാനത്തിനെതിരെ ഇയാളുടെ നേതൃത്വത്തിലാണ് കോടതിയെ സമീപിച്ചത്. അങ്കണവാടി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയതിന് ഇയാളുടെ പേരില്‍ കേസുണ്ട്. പ്രദീപ് കുമാര്‍ പ്രദേശത്തെ കോണ്‍ഗ്രസ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു സംഭവം. മലപ്പുറത്ത് ഹോം നേഴ്സായി ജോലിചെയ്തിരുന്ന യുവതി നാട്ടിലെത്തിയശേഷം വെള്ളറടയിലുള്ള ബന്ധുവീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. പരിശോധനയില്‍ രോഗമില്ലെന്ന് സ്ഥിരീകരിച്ചു. ജോലി സ്ഥലത്തേക്ക് മടങ്ങാന്‍ കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് ആവശ്യമായിരുന്നു. ഇതിനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ സമീപിച്ചു. സര്‍ട്ടിഫിക്കറ്റിനായി ഭരതന്നൂരിലെ വീട്ടിലെത്താന്‍ പ്രദീപ് കുമാര്‍ നിര്‍ദേശിച്ചു. വീട്ടില്‍ എത്തിയപ്പോഴായിരുന്നു ക്രൂരമായി പീഡിപ്പിച്ചത്.

കൈകാലുകള്‍ ബന്ധിച്ച്‌ വായില്‍ തുണി തിരുകിക്കയറ്റി പല പ്രാവശ്യം പീഡിപ്പിക്കുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്തെന്ന് വെള്ളറട പൊലീസിന് മൊഴി നല്‍കി. സംഭവം നടന്നത് പാങ്ങോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പാങ്ങോട് പൊലീസിന് കേസ് കൈമാറി. സിഐ സുനീഷ് കുമാറിന്റെ നേതൃത്വത്തിലാണ് കസ്റ്റഡിയില്‍ എടുത്തത്. തിങ്കളാഴ്ച ഭരതന്നൂരിലെ വാടകവീട്ടില്‍നിന്നാണ് പ്രദീപിനെ അറസ്റ്റ് ചെയ്തത്. ഉഉടന്‍തന്നെ സര്‍വീസില്‍നിന്ന് സസ്പെന്‍ഡും ചെയ്തു.