പൊന്നാനിയിൽ നിന്ന് കാണാതായ മത്സ്യത്തൊഴിലാളികളിൽ ആറ് പേരെ കണ്ടെത്തി. മത്സ്യത്തൊഴിലാളികൾ നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. ഇനി മൂന്നു പേരെ കൂടി കണ്ടെത്താനുണ്ട്. പാലപ്പെട്ടി മേഖലയിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം പൊന്നാനി, താനൂർ മേഖലകളിൽ നിന്ന് മത്സ്യ ബന്ധനത്തിന് പോയ ബോട്ട് കടലിൽ അപകടത്തിൽപെടുകയും മൂന്ന് സംഭവങ്ങളിലായി ഒൻപത് പേരെ കാണാതാവുകയുമായിരുന്നു. പൊന്നാനിയിൽ നിന്ന് പോയ അലിഫ് എന്ന ബോട്ടിൽ അഞ്ച് മലയാളികളും ഒരു അതിഥി തൊഴിലാളിയും ഉൾപ്പെടെ ആറ് പേരാണ് ഉണ്ടായിരുന്നത്. ബോട്ടിൽ വെള്ളം കയറിയതാണ് അപകടത്തിന് കാരണം.