ഹോമിയോ പ്രതിരോധ മരുന്ന് കഴിച്ചവരില്‍ കൊവിഡ് ബാധ കുറവാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. മരുന്ന് കഴിച്ചിട്ടും രോഗം വന്നവര്‍ക്ക് വളരെപെട്ടന്ന് രോഗം മാറിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചലച്ചിത്ര സംവിധായകനും ഹോമിയോ വകുപ്പിലെ പത്തനംതിട്ട ഡി.എം.ഒയുമായ ഡോ.ബിജു നടത്തിയ ഒരു പഠനത്തില്‍ ഇത് വ്യക്തമായിട്ടുണ്ടെന്നും ഈ പഠനം തന്നെ കാണിച്ചിരുന്നെന്നും മന്ത്രി പറഞ്ഞു.നിലവില്‍ കൊവിഡ് പോസ്റ്റീവ് ആയവരെ ഹോമിയോ മരുന്ന് ഉപയോഗിച്ച്‌ ചികിത്സിക്കാന്‍ ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ അനുവദിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം രോഗം വരാതിരിക്കാനുള്ള ഹോമിയോ പ്രതിരോധ മരുന്ന് കേരളത്തില്‍ ഉടനീളം നല്‍കിയിട്ടുണ്ടെന്നും ഈ മരുന്ന് കഴിച്ചവരില്‍ കുറച്ച്‌ പേര്‍ക്ക് മാത്രമേ രോഗം വന്നിട്ടുള്ളുവെന്നും മന്ത്രി വ്യക്തമാക്കി.

മരുന്ന് കഴിച്ചവരില്‍ രോഗം വന്നവര്‍ക്ക് വളരെ പെട്ടെന്ന് മൂന്നോ നാലോ ദിവസംകൊണ്ട് കൊവിഡ് നെഗറ്റീവ് ആയി മാറുന്ന അവസ്ഥയുണ്ടായെന്ന് ഡോ. ബിജുവിന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.അതേസമയം രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ഹോമിയോ, ആയുര്‍വേദ മരുന്നുകളെ പ്രോത്സാഹിപ്പിക്കുന്ന നടപടികള്‍ക്കെതിരെ ഐ.എം.എ രംഗത്ത് എത്തിയിരുന്നു.

ഇത് തീര്‍ത്തും അശാസ്ത്രീയമാണെന്നും ഇത്തരം ചികിത്സാരീതികളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സ്വീകരിക്കുന്നതെന്നും ഐ.എം.എ വിമര്‍ശിച്ചിരുന്നു. നേരത്തെ കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ പനി, ചുമ,ശ്വാസകോശ രോഗം എന്നീ അസുഖങ്ങള്‍ക്ക് അലോപ്പതി ചികിത്സ പിന്തുടര്‍ന്നാല്‍ മതിയെന്ന് ആയുഷ് വകുപ്പ് പറഞ്ഞിരുന്നു. കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

ആരോഗ്യ വകുപ്പിന്റെ പ്രോട്ടോകോള്‍ പ്രകാരമാണ് ജൂണ്‍ ഒന്നിന് ആയുഷ് വകുപ്പ് ഉത്തരവിറക്കിയത്. ആയുര്‍വേദ, യോഗ, യുനാനി, സിദ്ധ, ഹോമിയോപതി എന്നീ ചികിത്സാരീതികളുടെ പഠനങ്ങളും വികസനങ്ങളും ഉള്‍ക്കൊണ്ടതാണ് ഇന്ത്യന്‍ ആയുഷ് മന്ത്രാലയം.