പത്തനംതിട്ട: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച പിപി മത്തായിയുടെ നീതിക്ക് വേണ്ടി ഭാര്യ ഷീബ നടത്തിയത് അപൂര്‍വ പോരാട്ടമാണ്. കണ്മുന്നില് നിന്ന് ഏഴംഗ വനപാലക സംഘം കൂട്ടിക്കൊണ്ട് പോയ ഭര്‍ത്താവിനെ മൂന്ന് മണിക്കൂറുകള്‍ക്ക് ശേഷം ദുരൂഹ സാഹചര്യത്തില്‍ കിണറ്റില്‍ മരിച്ച നിലയില്‍ കാണുമ്ബോള്‍ ഏതൊരാള്‍ക്കും തോന്നുന്ന സംശയങ്ങളെ ഷീബക്കും തോന്നിയുള്ളു.
വീടിനുള്ളില്‍ മെഴുകുതിരിയും കത്തിച്ച് വെള്ളത്തുണി വിരിച്ച് മത്തായിയുടെ നിത്യശാന്തിക്കായി പ്രാര്ഥിക്കുമ്ബോഴും നീതിക്കായുള്ള വാതിലുകളില്‍ അവര്‍ മുട്ടിക്കൊണ്ടേയിരുന്നു. മത്തായിയുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടും വരെ മൃതദേഹം സംസ്കരിക്കില്ലെന്ന് നിലപാടെടുത്ത ഷീബക്ക് പിന്നില്‍ ആ കുടുംബവും നാട്ടുകാരും അണിചേര്‍ന്നു.
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷീബ നല്കിയ ഹര്‍ജി ഹൈക്കോടതി അംഗീകരിച്ചതോടെ കുടുംബത്തിന്റെ പ്രതീക്ഷകള്‍ കൂടി. ഒടുവില്‍ നാല്‍പ്പത് ദിവസം മോര്‍ച്ചറിയുടെ തണുപ്പിലിരുന്ന് മരവിച്ചതിന് ശേഷം മത്തായി ഇന്ന് യാത്രയാവുകയാണ്. കേസന്വേഷിക്കുന്ന സിബിഐ സംഘത്തില്‍ വിശ്വാസമര്‍പ്പിച്ച് ആ കുടുംബവും കാത്തിരിക്കുന്നു