ചെന്നൈ: ബിജെപിയില്‍ ചേരാനെത്തിയ ഗുണ്ടാ സംഘാംഗം പൊലീസിനെ കണ്ടതോടെ ഓടി രക്ഷപ്പെട്ടു. ആറു കൊലക്കേസ് ഉള്‍പ്പെടെ 50 ഓളം കേസുകളില്‍ പ്രതിയായ റെഡ്ഹില്‍സ് സൂര്യയാണ് പൊലീസിനെ വെട്ടിച്ച്‌ കടന്നുകളഞ്ഞത്. ഇയാള്‍ക്കൊപ്പം എത്തിയ നാലു കൂട്ടാളികള്‍ പൊലീസ് പിടിയിലായി.

തമിഴ്‌നാട്ടിലെ വണ്ടലൂരില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് ബിജെപി പ്രവേശന ചടങ്ങ് സംഘടിപ്പിച്ചിരുന്നത്. ബിജെപിയില്‍ ചേരാനായി സൂര്യ എത്തുമെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെങ്കല്‍പേട്ട് പൊലീസ് സ്ഥലത്തെത്തി.

പൊലീസ് നിരീക്ഷണം നടത്തുന്നതിനിടെ സൂര്യ കാറിലെത്തി. പൊലീസിന്റെ സാന്നിധ്യം മനസ്സിലാക്കിയ സൂര്യ വന്ന കാറില്‍ തന്നെ രക്ഷപ്പെടുകയായിരുന്നു. പിടിയിലായ കൂട്ടാളികളുടെ വാഹനത്തില്‍ നിന്നും നിരവധി ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്. ചടങ്ങിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.

ഗുണ്ടാ സംഘാംഗം പാര്‍ട്ടിയില്‍ ചേരാനെത്തിയതില്‍ വിമര്‍ശനം രൂക്ഷമായി. എന്നാല്‍ പാര്‍ട്ടിയില്‍ ചേരാനെത്തുന്നവരുടെ പശ്ചത്താലമൊന്നും തനിക്കറിയില്ലെന്നായിരുന്നു സംസ്ഥാന അധ്യക്ഷന്‍ എല്‍ മുരുഗന്റെ പ്രതികരണം. നേരത്തെ ക്രിമിനല്‍ പശ്ചാത്തലമുള്ള മറ്റൊരാള്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കിയതും തമിഴ്‌നാട് ബിജെപിയില്‍ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനുപിന്നാലെയാണ് സൂര്യയും ബി.ജെ.പിയില്‍ അംഗത്വമെടുക്കാന്‍ എത്തിയത്.