വംശീയതക്കും കോര്‍പറേറ്റിസത്തിനുമെതിരായ നിലപാടുകള്‍ക്ക് ഇന്നത്തെ ലോക സാഹചര്യത്തിലും അമേരിക്കയുടെ സവിശേഷ സന്ദര്‍ഭത്തിലും വലിയ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ലോകത്തെ വിഭജിച്ചും വംശഹത്യകളുടെ ചോരപ്പുഴകള്‍ സൃഷ്ടിച്ചു കൊണ്ടുമാണ് ആഗോള ഫൈനാന്‍സ് മൂലധനം അതിന്റെ വ്യാപനവും ആധിപത്യവും ഉറപ്പിക്കുന്നത്. ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും മൂലധന ശക്തികളും വംശീയതയും ചേര്‍ന്ന നവ ഫാസിസം മാനവികതക്കും ജനാധിപത്യ ദേശീയതക്കും ഭീഷണിയായി കഴിഞ്ഞിരിക്കുന്നു. വംശീയ ഭിന്നതകളെയും മത, സാംസ്‌കാരിക വൈജാത്യങ്ങളെയും നിഷേധിക്കുന്ന (ദേശീയതകളെയും ഏകാത്മകമായ ഭരണകൂട വ്യവസ്ഥകളെയും സംബന്ധിച്ച) ഫാസിസ്റ്റ് രാഷ്ട്രീയവും അധികാര പ്രയോഗങ്ങളും ജനാധിപത്യ സാമൂഹിക രാഷ്ട്ര ഘടനകളെ തന്നെ അസ്ഥിരീകരിക്കുകയാണ്. അമേരിക്കയില്‍ ട്രംപും ഇന്ത്യയില്‍ മോദിയും ബ്രസീലില്‍ ബാല്‍ സാനോരെയും കോര്‍പറേറ്റ്- വംശീയ ഭീകരതയാണ് അഴിച്ചു വിടുന്നത്.

കറുത്തവന്റെ ജീവനും വിലയുണ്ട്. കുടിയേറ്റക്കാരും മനുഷ്യരാണ്. മുസ്‌ലിമും ക്രിസ്ത്യാനിയും അമേരിക്കന്‍ പൗരന്മാരാണ്. മതവും വംശവും പറഞ്ഞ് മനുഷ്യരെ വേര്‍പിരിക്കുന്നതും തമ്മിലടിപ്പിക്കുന്നതും ജനാധിപത്യ രാഷ്ട്രീയത്തിനെതിരായ ഫാസിസ്റ്റ് രാഷ്ട്രീയമാണ്. ഇങ്ങനെ അമേരിക്കന്‍ തിരഞ്ഞെടുപ്പ് രംഗത്ത് വംശീയതക്കും വിദ്വേഷ രാഷ്ട്രീയത്തിനുമെതിരായ സംവാദങ്ങളാണ് ബൈഡനും കമലാ ഹാരിസും ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്നത്.