തെരഞ്ഞെടുപ്പ് സുരക്ഷയുമായി ബന്ധപ്പെട്ട് യുഎസ് കോണ്‍ഗ്രസില്‍ ട്രംപിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ നടത്തുന്ന നേരിട്ടുള്ള വിശദീകരണം നിര്‍ത്തി. യുഎസ് കോണ്‍ഗ്രസില്‍നിന്നു വിവരങ്ങള്‍ ചോരുന്നതിനാലാണ് ദേശീയ സുരക്ഷാ വക്താവ് ജോണ്‍ റാറ്റ്ക്ലിഫിന്റെ നടപടിയെന്നാണ് ട്രംപിന്റെ വിശദീകരണം. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിദേശ ഇടപെടലടക്കമുള്ള കാര്യങ്ങളെക്കുറിച്ച്‌ പൊതുജനത്തിന് അറിയാനുള്ള അവകാശമാണ് ഇല്ലാതാകുന്നതെന്ന് അംഗങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ന്നു.

നേരിട്ടുള്ള വിശദീകരണത്തിന് പകരം കാര്യങ്ങള്‍ അറിയിച്ചുകൊണ്ടുള്ള കുറിപ്പ് നല്‍കും. ഇത് നേരിട്ട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവകാശങ്ങള്‍ ഇല്ലാതെയാകും. പലപ്പോഴും നേരിട്ട് വിശദീകരണങ്ങള്‍ ചോദിക്കെയാണ് ട്രംപിനെ കുടുക്കിയ വിവരങ്ങള്‍ പുറത്ത് വന്നത്.

തെരഞ്ഞെടുപ്പ് സുരക്ഷയെക്കുറിച്ച്‌ വിശദീകരിക്കുന്നതിന് സെപ്തംബര്‍ 17ന് റാറ്റ്ക്ലിഫിന്റെ ഓഫീസ് വിശദീകരണം തീരുമാനിച്ചിരുന്നതിനാല്‍ ഈ തീരുമാനം അപ്രതീക്ഷിതമാണെന്ന് ഇന്റലിജന്‍സ് കമ്മിറ്റിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെ അപകീര്‍ത്തിപ്പെടുത്താന്‍ റഷ്യ വിവിധ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്നും റഷ്യന്‍ പ്രസിഡന്റ് പുടിനുമായി ബന്ധമുള്ള ആളുകള്‍ ട്രംപിനെ വീണ്ടും വിജയിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്നും യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവി വില്യം ഇവാനിന ഈ മാസം ആദ്യം പറഞ്ഞിരുന്നു.