തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റില്‍ ഭാഗികമായി കത്തിയ ഫയലുകളും മറ്റു കടലാസ് ഫയലുകളും സ്കാന്‍ ചെയ്തു നമ്ബറിട്ടു സീല്‍ ചെയ്ത അലമാരകളില്‍ സൂക്ഷിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നു. ആരോപണം ഒഴിവാക്കാന്‍ ഫയലുകള്‍ പരിശോധിക്കുന്നതു വിഡിയോയില്‍ പകര്‍ത്തുന്നുണ്ട്. അപകടത്തെക്കുറിച്ചു ഗ്രാഫിക്സ് വിഡിയോ തയാറാക്കാനും സമിതി ആലോചിക്കുന്നു. തീ പടര്‍ന്നതിന്റെ കാരണം വിശദീകരിക്കാനാണു വിഡിയോ തയാറാക്കുന്നത്.

ദുരന്തനിവാരണ കമ്മിഷണര്‍ ഡോ.എ. കൗശികന്റെ നേതൃത്വത്തില്‍ ഇന്നലെയും ജീവനക്കാരുടെ മൊഴിയെടുത്തു. സ്റ്റേറ്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍, അഡീഷനല്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ എന്നിവരുടെയും മൊഴി രേഖപ്പെടുത്തി. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫിസ് അറിയിച്ചതനുസരിച്ചാണു സ്ഥലത്ത് എത്തിയതെന്നാണ് അഡീഷനല്‍ പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവന്റെ മൊഴി.

പൊലീസിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്. എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതല്‍ ജീവനക്കാരില്‍നിന്നു വിവരങ്ങള്‍ ശേഖരിച്ചു. സംഭവം നടന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്നാണു പൊലീസ് നിലപാട്. തീപിടിച്ച ഓഫിസില്‍ സിസിടിവി ക്യാമറകളില്ല. പകരം ഓഫിസിലേക്കെത്തുന്ന വഴികളിലെ ക്യാമറകളാണു പൊലീസ് പരിശോധിച്ചത്. തീപിടിത്തത്തില്‍ ദുരൂഹതകളില്ലെന്ന നിഗമനത്തിലാണ് പൊലീസ്.

ജീവനക്കാരന്റെ കോവിഡ് ബാധയെ തുടര്‍ന്ന് അണു നശീകരണത്തിന് ഓഫിസ് അടച്ച ശേഷം അവിടേക്ക് ആരും എത്തിയിട്ടില്ലെന്നു പൊലീസ് പറയുന്നു. തീ അണയ്ക്കാനായി ഫയര്‍ ഫോഴ്സ് ജീവനക്കാരാണ് ആദ്യമെത്തിയെന്നാണു നിഗമനം. ഫൊറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമേ അന്തിമ റിപ്പോര്‍ട്ട് നല്‍കൂ.

അതേസമയം അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസറടക്കം ക്വാറന്റീനില്‍ പോയ ചില ജീവനക്കാര്‍ തീപിടിച്ച സമയത്ത് ഓഫിസിനു സമീപം ഉണ്ടായിരുന്നെന്ന ആക്ഷേപം കൂടുതല്‍ പേരുടെ മൊഴിയെടുത്ത് പരിശോധിക്കാനാണു പൊലീസിന്റെ തീരുമാനം.