ന്യുഡല്‍ഹി: പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം സെപ്തംബര്‍ 14 മുതല്‍ ഒക്‌ടോബര്‍ ഒന്ന് വരെ ചേരാന്‍ സാധ്യത. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ചേരുന്ന സമ്മേളനത്തില്‍ ഇടവേളകള്‍ ഉണ്ടാവില്ല. ഇതു സംബന്ധിച്ച്‌ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അധ്യക്ഷനായ പാര്‍ലമെന്ററികാര്യ മന്ത്രിസഭാ സമിതി ശിപാര്‍ശ നല്‍കി.

ശാരീരികവും സാമൂഹികവുമായ അകലം പാലിച്ചുകൊണ്ടായിരിക്കും സമ്മേളനം. ഇതിനായി വലിയ ഒരുക്കങ്ങളാണ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടക്കുന്നത്. രാജ്യസഭാ, ലോക്‌സഭാ സെക്രട്ടേറിയറ്റുകള്‍ ഇതുസംബന്ധിച്ച്‌ പലതവണ യോഗങ്ങളും ചേര്‍ന്നുകഴിഞ്ഞു. തിങ്കളാഴ്ച സമ്മേളനത്തിന്റെ മുന്നൊരുക്കങ്ങളുടെ റിഹേഴ്‌സല്‍ തിങ്കളാഴ്ച നടക്കുമെന്നാണ് സൂചന.

രാജ്യസഭാ ഹാളില്‍ വലിയ നാല് സ്‌ക്രീനുകളും ആറ് ചെറിയ സ്‌ക്രീനുകളും നാലു ഗ്യാലറികളിലും ശബ്ദക്രമീകരണത്തിനുള്ള സംവിധാനങ്ങളും അള്‍ട്രാവയലറ്റ് അണുനാശിനി സംവിധാനവും ഇരുസഭകളും തമ്മിലുള്ള ഓഡിയോ-വിഷ്വല്‍ സംപ്രേക്ഷണത്തിന് കേബിള്‍ സംവിധാനവും ചേംബറുമായി ഒഫീഷ്യല്‍ ഗ്യാലറിയെ മവര്‍തിരിക്കാന്‍ പോളികാര്‍ബണേറ്റ് ഷീറ്റും സ്ഥാപിക്കണമെന്ന് രാജ്യസഭാ അധ്യക്ഷന്‍ എം.വെങ്കയ്യ നായിഡു നിര്‍ദേശിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അംഗങ്ങള്‍ക്ക് ഇരിപ്പിടമൊരുക്കാന്‍ രാജ്യാസഭാ ഗ്യാലറികും ലോക്‌സഭാ മചംബറും ഉപയോഗിക്കും. 60 പേരെ ചേംബറിലും 51 പേരെ രാജ്യസഭാ ഗ്യാലറികളിലും ഉള്‍ക്കൊള്ളിക്കാനാവും. അവശേഷിക്കുന്ന 132 പേര്‍ ലോക്‌സഭാ ചേംബറില്‍ ഇരിപ്പടമൊരുക്കും. രാഷ്ട്രീയ കക്ഷികള്‍ക്ക് അവരുടെ അംഗബലത്തിന് അനുസരിച്ചായിരിക്കും ഇരിപ്പിടങ്ങള്‍ നല്‍കുക.

പ്രധാനമന്ത്രി നരേന്ദ്രമോഡി, സഭാ നേതാവ്, പ്രതിപക്ഷ നേതാവ്, മറ്റ് കക്ഷികളുടെ നേതാക്കള്‍ എന്നിവര്‍ക്ക് രാജ്യസഭാ ചേംബറിലായിരിക്കും ഇരിപ്പിടം. മന്ത്രിമാര്‍ക്കും ഇവിടെ ഇരിപ്പിടമൊരുക്കും. മുന്‍ പ്രധാനമന്ത്രിമാരും രാജ്യസഭാ അംഗങ്ങളുമായ ഡോ.മന്‍മോഹന്‍ സിംഗ്, എച്ച്‌.ഡി ദേവെ ഗൗഡ എന്നിവര്‍ക്കും രാജ്യസഭാ ചേംബറിലായിരിക്കും സീറ്റ്. രാജ്യസഭാംഗങ്ങളല്ലാത്ത മന്ത്രിമാര്‍ക്കും ഭരണപക്ഷത്തിന് നിശ്ചയിച്ചിരിക്കുന്ന മേഖലയില്‍ സീറ്റ് ഒരുക്കും. രാജ്യസഭയിലെ ഓരോ ഗ്യാലറിയിലും കക്ഷികള്‍ക്ക് നിശ്ചയിക്കിരിക്കുന്ന സീറ്റുകള്‍ വ്യക്തമാക്കുന്ന പ്ലക്കാര്‍ഡുകള്‍ സ്ഥാപിക്കും.

ഒഫീഷ്യല്‍, പ്രസ് ഗ്യാലറി എന്നിവയിലും സാമൂഹിക അകലം കര്‍ശനമായി പാലിക്കും. അംഗങ്ങള്‍ക്കിടയില്‍ കടലാസ് വിതരണം പരമാവധി ഒഴിവാക്കും. പകരം ഡിജിറ്റല്‍ കോപ്പികളാവും ഉപയോഗിക്കുക.

ശനിയും ഞായറും അടക്കം ഒരു ദിവസം പോലും അവധി നല്‍കാതെ തുടര്‍ച്ചയായി 18 ദിവസം സഭാ ചേരാനാണ് ശിപാര്‍ശ നല്‍കിയിരിക്കുന്നത്. അവധി ദിവസങ്ങളില്‍ അംഗങ്ങള്‍ നാട്ടിലേക്ക് മടങ്ങുന്നത് ഒഴിവാക്കുന്നതിനും സമ്മേളനം പരമാവധി വേഗം പൂര്‍ത്തിയാക്കുന്നതിനുമാണിത്. രാവിലെയും ഉച്ചകഴിഞ്ഞും നിശ്ചിത മണിക്കൂറുകളിലായിരുക്കും സമ്മേളനം ചേരുക.