കരിപ്പൂര്‍: കരിപ്പൂര്‍ വിമാനദുരന്തം നടന്ന് രണ്ട് ആഴ്ച പിന്നിടുമ്ബോള്‍ അപകടത്തില്‍ പരിക്കേറ്റ 55 പേര്‍ക്ക് ഇടക്കാല അടിയന്തിര സഹായം കൈമാറിയതായി മലപ്പുറം ജില്ലാ കലക്ടര്‍ എസ് ഗോപാലകൃഷ്ണന്‍ അറിയിച്ചു. ബാക്കിയുള്ളവര്‍ക്ക് ഈ മാസം അവസാനം ഇടക്കാല ആശ്വാസം നല്‍കും.

യാത്രക്കാരുടെ അപകടത്തില്‍ നഷ്ടപ്പെട്ട സാധനങ്ങള്‍ തരം തിരിക്കുന്ന ജോലികള്‍ കെന്യോന്‍ ഇന്റര്‍നാഷണല്‍ എമിര്‍ജന്‍സി സര്‍വീസ് ആരംഭിച്ചു. അവരെ സഹായിക്കാന്‍ ഏഞ്ചല്‍ ഓഫ് എയര്‍ ഇന്ത്യയുമുണ്ട്. യാത്രക്കാരുടെ സാധനങ്ങള്‍ കണ്ടെത്തി, തരംതിരിച്ച്‌, കേടുപാടുകള്‍ തീര്‍ത്ത് ഉമകള്‍ക്ക് തിരിച്ചെത്തിക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ഇതുവരെ 95 യാത്രികരുടെ ലഗേജുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

അപകടത്തില്‍ ഇതുവരെ 21 പേരാണ് മരിച്ചത്. അപകട ദിവസം രണ്ട് പൈലറ്റുമാര്‍ അടക്കം 18 പേര്‍ മരിച്ചു. മൂന്നു പേര്‍ പിന്നീട് ആശുപത്രിയില്‍ വച്ച്‌ മരിച്ചു. നിലവില്‍ 39 പേര്‍ മലപ്പുറം, കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളില്‍ കഴിയുന്നു. ഇപ്പോള്‍ യാത്രക്കാരില്‍ ഒരാള്‍ക്കു മാത്രമാണ് കൊവിഡ് ഉള്ളത്. 130 പേര്‍ ആശുപത്രി വിട്ടു.

അപകടം സംബന്ധിച്ച അന്വേഷണം അടുത്ത ദിവസം തന്നെ ആരംഭിച്ചിരുന്നു. എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയെയാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. യാത്രക്കാരുടെ സാധനങ്ങുടെയും വിമാനത്തിന്റെയും ഇന്‍ഷുറന്‍സ് സംബന്ധിച്ച സര്‍വെ നടപടികള്‍ പൂര്‍ത്തിയായി.