അജു വാരിക്കാട്
ആഡംബര ക്രൂസിൽ നടത്താനിരുന്ന ഫോമാ പൊതുയോഗം, കോവിഡ് മഹാമാരിയുടെ പ്രതിസന്ധി മൂലം  റദ്ധാക്കുകയും, നിശ്ചയിച്ച സമയം തന്നെ ഫിലഡൽഫിയയിൽ വച്ച് നടത്തുവാൻ തീരുമാനിക്കുകയും ചെയ്തു.  എന്നാൽ  ഇന്നും തീരാത്ത മഹമാരിയുടെ പശ്ചാത്തലത്തിൽ ആ മീറ്റിങ്ങും നടത്താനാവുമോ എന്ന ആശങ്ക   ഫോമായുടെ നാഷണൽ കമ്മറ്റി പങ്കു വെക്കുകയൂം പിന്നീട് ഫോമാ പൊതുയോഗം റദ്ധാക്കികൊണ്ടുള്ള തീരുമാനം എടുക്കുകയും ചെയ്തു. വെർച്ച്വൽ മീറ്റിംഗ് സജീവമായിരിക്കുന്ന ഈ കോവിഡ് കാലഘട്ടത്തിൽ അങ്ങനെ ഒരാശയം രൂപപ്പെടുകയും അതുമായി മുന്നോട്ടുപോകുവാൻ തീരുമാനം എടുക്കുകയും ചെയ്തു.
അതിനാൽ തന്നെ  പൊതുയോഗവും തിരഞ്ഞെടുപ്പും ഓൺലൈനായി തന്നെ നടത്താം എന്നാണ് ഇപ്പോഴത്തെ തീരുമാനം. എന്നാൽ ഈ വിവരങ്ങൾ ഒക്കെയും എത്ര അംഗസംഘടനകളും ഡെലിഗേറ്റ്‌സുകളും  അറിഞ്ഞിട്ടുണ്ട് എന്നതൊരു ചോദ്യചിഹ്നമായി ഇപ്പോഴും നിലനിൽക്കുന്നു. ഇത് ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. ഈ വിഷയം ചൂണ്ടിക്കാട്ടി മത്സരരംഗത്തുള്ള പല സ്ഥാനാർത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്.
എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ ഇപ്പോഴും മൗനം പാലിക്കുകയാണ്. (വെർച്ച്വൽ പൊതുയോഗവും, തിരഞ്ഞെടുപ്പും ഫോമയുടെ ഭരണഘടനയിൽ ഇല്ല എന്ന വസ്തുതയാണ് ഇങ്ങനെ ഒരു തീരുമാനത്തെ ഭരണഘടനാ വിരുദ്ധമാക്കുന്നത്.) ഫ്ലോറിഡാ ആസ്ഥനമായി പ്രവർത്തിക്കുന്ന ചില വ്യക്തികളാണ് ഇതിനു പിന്നിൽ എന്ന് ഇപ്പോൾ ലഭിക്കുന്ന വാർത്തകൾ. സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥി തന്റെ സ്വാധീനത്തിലുള്ളവരെ അസോസിയേഷനുകളിൽ അംഗത്വം നൽകി തിരുകി കയറ്റി എന്നുള്ളതിന് തെളിവുകളും ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നു. വോട്ടുകൾ മാത്രം ലക്ഷ്യം വെച്ചുള്ള ഇത്തരം പ്രവർത്തനങ്ങൾ ഫോമ എന്ന സഘടനയുടെ സുഗമമായ നടത്തിപ്പിന് പ്രതിസന്ധി സൃഷ്ടിക്കുകയും പിന്നീട് അത്  നിയമക്കുരുക്കിൽ വരെ കൊണ്ടുചെന്നെത്തിക്കുകയും ചെയ്യും എന്നാണ് ഇതുമായി ബന്ധപ്പെട്ടവർ അറിയിച്ചത്. മിഷിഗൺ മലയാളി അസ്സോസിയേഷനിൽ നിന്നും അംഗത്വം രേഖപ്പെടുത്തിയിരിക്കുന്ന പലരുടെയും ഫോൺ നമ്പറുകൾ പരിശോദിച്ചപ്പോൾ പലരുടെയും നമ്പറുകൾ ഒന്നാണ് എന്ന വസ്തുത വെളിപ്പെട്ടു. മാത്യു ഉമ്മൻ, വർഗ്ഗിസ് ബേബി, ലിജു ആന്റണി, ടി കെ മാത്യു എന്നിവർക്ക് എല്ലാം ഒരേ ഫോൺ നമ്പർ നൽകികൊണ്ട് അംഗത്വ റജിസ്ട്രേഷൻ നടത്തിയത്. ഇതിൽ ടി കെ മാത്യു ഫ്ലോറിഡാ നിവാസി ആണെന്നതും ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയ രംഗത്തു സജീവമായി പ്രവർത്തിക്കുന്ന ആളുമാണ്.
ഔദ്യോഗികമായ വിശദീകരണങ്ങൾ ഫോമയുടെ ഭാഗത്തുനിന്നും വരാൻ വൈകുംതോറും അത് സംഘടനയുടെ പ്രതിച്ഛായക്കു തന്നെ കോട്ടം തട്ടുമെന്ന് പലരും ആശങ്കപ്പെടുന്നു.ഫോമ എന്ന സംഘടനയിലേ ചുമതലക്കാർക്ക് തെറ്റായ വിവരങ്ങൾ നൽകി, ഫോമയെ തന്നെ അപകീർത്തിപ്പെടുത്താനാണ് ഇത്തരം സ്വാർത്ഥ തല്പരരുടെ ലക്‌ഷ്യം എന്നത് ഇപ്പോൾ വ്യക്തമായിരിക്കുകയാണ്. ഇത്തരം ആളുകളെ ഫോമയുടെ അംഗത്തിൽ നിന്ന് നീക്കം  ചെയ്യണം   എന്നതാണ് ഇതര അംഗസംഘടനകളുടെയും, പ്രധിനിധികളുടെയും കൂട്ടായ ആവശ്യം. . അല്ലാത്ത പക്ഷം  ഫോമയെന്ന സംഘടനയിൽ വിള്ളലുകൾ സൃഷ്ടിക്കാൻ ഇത് കാരണമാകും. ഇത്തരം ക്രമംകെട്ട നീക്കങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാൻ പറ്റാത്ത ചട്ട ലംഘനം ആണെന്ന് ഭാരവാഹികൾ തിരിച്ചറിയണമെന്നും, ഇത്തരം നീക്കങ്ങളെ ശക്തമായി എതിർത്ത് , ഫോമയുടെ എക്സിക്യൂട്ടീവ് , ഇലക്ഷൻ  കമ്മീഷണേഴ്‌സ് എന്നിവർ ശക്തമായി  ഇടപെട്ട് ഫോമയിൽ നടക്കാനിരിക്കുന്ന ഇലക്ഷൻ സുതാര്യമായി നടത്തി ഫോമയുടെ അന്തസ്സ് കത്ത് കാത്തുസൂക്ഷിക്കുവാൻ ഇലെക്ഷൻ കമ്മീഷണേഴ്‌സ് ശ്രമിക്കണം. അതിനു അവർ  പ്രതിജ്ഞാബദ്ധരാണ്. അല്ലാത്ത പക്ഷം നീയമ നടപടികളുമായി മുന്പോട്ട് പോകുവാൻ സ്ഥാനാർത്ഥികളും, പ്രതിനിധികളും  നിർബന്ധിതരാകും.