പെട്ടിമുടി ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായ ആളുകള്‍ക്കായി ഇന്നു നടത്തിയ തെരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല. ദുരന്തം നടന്ന പ്രദേശത്തു നിന്നും കിലോമീറ്ററുകളോളം ദൂരയുള്ള ഭൂതക്കുഴി പ്രദേശത്തും ഗ്രാവല്‍ ബാങ്ക് മേഖലയിലുമാണ് ഇന്ന് തെരച്ചില്‍ നടത്തിയത്. ഭൂതക്കുഴി മേഖലയില്‍ കടുവയെ കണ്ടത് തെരച്ചില്‍ സംഘത്തിനിടയില്‍ ആശങ്ക പരത്തി.
നിബിഡ വന പ്രദേശം കേന്ദ്രീകരിച്ചുള്ള തെരച്ചില്‍ ഏറെ ദുഷ്‌കരമായതിനാല്‍ വനം വകുപ്പിലെ ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷമാകും ഇനിയുള്ള തെരച്ചില്‍. പെട്ടിമുടി ദുരന്തത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നാളെ മൂന്നാറില്‍ പ്രത്യേക യോഗം ചേരും. തെരച്ചില്‍ ഇനി തുടരണമോയെന്ന കാര്യം നാളെ അപകടത്തില്‍ പെട്ടവരുടെ കുടുംബാംഗങ്ങളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ അറിയിച്ചു.



