തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളെ തൃപ്പുത്തരി ആഘോഷിക്കും. രാവിലെ 8.35നും 9.55നും ഇടയിലുള്ള ശുഭമുഹൂര്‍ത്തത്തിലാണ് തൃപ്പുത്തരി ആഘോഷം. നാലമ്ബലത്തിനകത്തെ മണികിണറിനുസമീപം ശാന്തിയേറ്റ കീഴ്ശാന്തി നിലവിളക്ക് തെളിയിച്ച്‌ ഗണപതി പൂജ നടത്തും. തുടര്‍ന്ന് ക്ഷേത്രം പത്തുകാര്‍ വാര്യര്‍ ശ്രീഗുരുവായൂരപ്പനോടും ക്ഷേത്രം ഊരാളനോടും ഭരണകര്‍ത്താക്കളോടും അനുവാദം വാങ്ങിയാല്‍ മാരാര്‍ ശംഖുവിളിയ്ക്കും. തുടര്‍ന്ന് തൃപ്പുത്തരിയുടെ ശുഭമുഹൂര്‍ത്തത്തില്‍ പത്തുകാര്‍ വാര്യര്‍ അളവുപാത്രംകൊണ്ട് 41നാരായം പുന്നെല്ല് കുത്തിയുണക്കി ഉണ്ടാക്കിയ കുത്തരി അളന്നുചൊരിയും.

ക്ഷേത്രം കീഴ്ശാന്തിമാര്‍ കുളിച്ച്‌ ശുദ്ധമായി വന്ന് അളന്നുനല്‍കിയ ആ കുത്തരി തിടപ്പള്ളിയില്‍ വെച്ച്‌ പുത്തരിചോറും പുത്തരി പായസവും തയ്യാറാക്കും. സാധാരണ ദിവസങ്ങളില്‍നിന്നും തികച്ചും വ്യത്യസ്ഥമാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നാളത്തെ ഭഗവാനുള്ള നിവേദ്യങ്ങളും ക്ഷേത്രത്തിലെ താന്ത്രിക ചടങ്ങുകളും. നാളെ ഭഗവാന് ഉച്ചപൂജ നടത്തുന്നത് ക്ഷേത്രം തന്ത്രിയാണ്.

വര്‍ഷത്തില്‍ ഒരുദിവസംമാത്രമാണ് തന്ത്രി ഉച്ചപൂജയും ഉടനെ നടക്കുന്ന ശീവേലിയ്ക്ക് ബലികല്ലില്‍ ദേവഗണങ്ങള്‍ക്ക് ഹവിസുതൂവുന്നതും. പുന്നെല്ലരിയുടെ ചോറ്, പുത്തരി പായസം, ഉപ്പുമാങ്ങ, നെയ്യപ്പം തുടങ്ങിയവയാണ് ഭഗവാന്റെ നിവേദ്യങ്ങള്‍. ഭഗവാന് നിവേദിയ്ക്കാനുള്ള ഉപ്പുമാങ്ങ ക്ഷേത്രത്തിലെത്തിയ്ക്കാനുള്ള അവകാശം പുതിയേടം പിഷാരടിയുടേതാണ്.

സാധാരണ ദിവസങ്ങളില്‍ രാത്രി അത്താഴപൂജയ്ക്കാണ് നെയ്യപ്പം നിവേദിയ്ക്കുന്നതെങ്കിലും തൃപ്പുത്തരി ദിവസം ഉച്ചപൂജനേരത്താണ് ഭഗവാന് നെയ്യപ്പം നിവേദിയ്ക്കുന്നത്. തൃപ്പുത്തരി ദിനമായ നാളെ, ക്ഷേത്രത്തില്‍ ശ്രീഗുരുവായൂരപ്പന്റെ വകയായി നമസ്‌ക്കാര സദ്യയുമുണ്ട്. സാധാരണ വര്‍ഷങ്ങളില്‍ രണ്ടുലക്ഷത്തില്‍ രൂപയ്ക്കടുത്ത് ഭക്തര്‍ പുത്തരിപായസം വഴിപാടായി ശീട്ടാക്കാറുണ്ടെങ്കിലും കൊറോണ പശ്ചാത്തലത്തില്‍ ഇക്കുറി പുത്തരിപായസം ഭക്തര്‍ക്ക് പ്രസാദമായി നല്‍കില്ല.

ഗുരുവായൂരില്‍ ദിവസം 50 വിവാഹങ്ങള്‍ നടത്താം

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇനി ഒരു ദിവസം 50 വിവാഹങ്ങള്‍ വരെ നടത്താം. കൊറോണ പശ്ചാത്തലത്തില്‍ ക്ഷേത്രത്തില്‍ വിവാഹങ്ങളുടെ എണ്ണം പ്രതിദിനം 40 ആയി പരിമിതപ്പെടുത്തിയിരുന്നു. എന്നാല്‍ ജനങ്ങളുടെ നിരന്തര ആവശ്യം മാനിച്ച്‌ വിവാഹങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ദേവസ്വം സ്വീകരിച്ചതായി ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ അറിയിച്ചു.