ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്നതിന് രാജ്യത്തെ 27 ശതമാനം വിദ്യാര്‍ഥികള്‍ക്കും ലാപ്ടോപ്, സ്മാര്‍ട്ട് ഫോണ്‍ സൗകര്യമില്ലെന്ന് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ എജുക്കേഷന്‍ റിസര്‍ച് ആന്‍ഡ് ട്രെയിനിങ് (എന്‍.സി.ഇ.ആര്.ടി) സര്‍വേ റിപ്പോര്‍ട്ട്. കേന്ദ്ര വിദ്യാഭ്യാസ വകുപ്പിന്റെ ‘വിദ്യാര്‍ഥികളുടെ പഠന വര്‍ധനക്കുള്ള മാര്‍ഗനിര്‍ദേശങ്ങ’ളുടെ ഭാഗമായാണ് സര്‍വേ സംഘടിപ്പിച്ചത്.
28 ശതമാനം കുട്ടികളും വൈദ്യുതിയില്ലാത്തതിന്റെയോ തടസം നേരിടുന്നതിന്റെയോ പ്രശ്നങ്ങള്‍ നേരിടുന്നവരാണ്. സാങ്കേതികവിദ്യ കൈകാര്യം ചെയ്യുന്നതിലെ അധ്യാപകരുടെ പോരായ്മ മൂലം ഓണ്‍ലൈനിലൂടെയുള്ള പഠനം കാര്യക്ഷമമാകുന്നില്ലെന്നും എന്‍സിആര്‍ടിസി സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ 34,000 പേരില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കേന്ദ്രീയ വിദ്യാലയം, നവോദയ വിദ്യാലയം, സിബിഎസ്ഇ അംഗീകാരമുള്ള സ്കൂളുകള്‍ തുടങ്ങിയവയിലെ പ്രിന്‍സിപ്പല്‍മാരും അധ്യാപകരും പറയുന്നത് ഓണ്‍ലൈനിലൂടെ പഠിപ്പിക്കുന്നതിന്റെ സാങ്കേതിക വിദ്യയെ കുറിച്ചുള്ള അറിവില്ലായ്മയും ടെക്നിക്കല്‍ തടസങ്ങള്‍ പരിഹരിക്കാനാവാത്തതിന്റെ പോരായ്മകളുമാണ്. ഇതുമൂലം ഓണ്‍ലൈന്‍ പഠനത്തിന്റെ നിലവാരം കുറയാന്‍ ഇടയാക്കുന്നു. കൂടുതല്‍ വിദ്യാര്‍ഥികളും ഓണ്‍ലൈന്‍ പഠനത്തിനായി മൊബൈല്‍ ഫോണിനെയാണ് ആശ്രയിക്കുന്നത്.
36 ശതമാനം കുട്ടികളും ടെക്സ്റ്റ്ബുക്കുകളെയാണ് മുഖ്യമായി ആശ്രയിക്കുന്നത്. അധ്യാപകരുടെയും പ്രിന്‍സിപ്പല്‍മാരുടെയും ഇടയില്‍ ലാപ്പ്ടോപ്പിനു രണ്ടാം സ്ഥാനം മാത്രമേയുള്ളു. ടെലിവിഷനെയും റേഡിയോയെയും ആശ്രയിക്കുന്നവര്‍ കുറവാണ്. അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും ഇടയില്‍ വേണ്ടത്ര ആശയവിനിമയം നടക്കാത്തതും ഒരു പോരായ്മയായി പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
രാജ്യത്ത് മൂന്നിലൊന്ന് കുട്ടികള്‍ക്കും ഓണ്‍ലൈന്‍ ക്ലാസുകള്‍ ബുദ്ധിമുട്ടേറിയതോ ഭാരമേറിയതോ ആണ്. അതേസമയം, താരതമ്യേന മെച്ചപ്പെട്ട ജീവിത സാഹചര്യമുള്ളവരുടെ മക്കള്‍ പഠിക്കുന്ന സ്കൂളുകളാണ് സര്‍വേയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതിനാല്‍ ഇതര സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ഥികളെ കൂടി പരിഗണിക്കുമ്ബോള്‍ ഡിജിറ്റല്‍ പഠന സൗകര്യമില്ലാത്തവരുടെ ശതമാനം ഇതിലും കൂടാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
സര്‍വേയില്‍ നിന്നുയര്‍ന്ന മാര്‍ഗനിര്‍ദേശങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് സഹായകരമാകുമെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് പെഖ്റിയാല് പറഞ്ഞു.



