തിരുവനന്തപുരം: ശമ്പളവര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ നേഴ്സുമാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരം തുടങ്ങുന്നു. സ്റ്റാഫ് നഴ്സിന് നല്കുന്ന അടിസ്ഥാന വേതനമെങ്കിലും, അതേ ജോലി ചെയ്യുന്ന ജൂനിയര്‍ നഴ്സുമാര്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടാണ് സമരം. നഴ്സുമാര്‍ സമരത്തിനിറങ്ങുന്നത് മെഡിക്കല്‍ കോളേജുകളിലെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതിസന്ധിയിലാക്കും.
തിരുവനന്തപുരം , ആലപ്പുഴ, എറണാകുളം ,തൃശൂര്‍ തുടങ്ങി സംസ്ഥാനത്തെ ഏഴ് മെഡിക്കല്‍ കോളേജുകളിലെ 375 ജൂനിയര്‍ നേഴ്സുമാരാണ് അനിശ്ചിത കാലത്തേക്ക് ജോലിയില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്.
ബിഎസ്സി നേഴ്സിങ് പൂര്‍ത്തിയാക്കി കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ഒരു വര്‍ഷത്തെ ഇന്റേണ്‍ഷിപ്പിന് പ്രവേശിച്ചവരാണിവര്‍. കൊവിഡ് ചികില്‍സ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന മറ്റെല്ലാവര്‍ക്കും ശമ്പളം വര്‍ദ്ധിപ്പിച്ചെങ്കിലും ജൂനിയര്‍ നേഴ്സുമാരെ നാല് വര്‍ഷമായി ആരോഗ്യവകുപ്പ് അവഗണിക്കുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു.
ജൂനിയര്‍ നേഴ്സുമാര്‍ക്ക് നിലവില്‍ ലഭിക്കുന്ന ശമ്പളം 13900 രൂപയാണ്. ഇത് സ്റ്റാഫ് നേഴ്സിന് ലഭിക്കുന്ന അടിസ്ഥാന ശമ്പളമായ 27800 രൂപയായി ഉയര്‍ത്തണമെന്നാണ് ഇവരുടെ ആവശ്യം. ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുവരെ ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് ഇവരുടെ തീരുമാനം.



