കഴിഞ്ഞ ഏഴു ദിവസത്തിനിടെ സമ്പര്‍ക്ക വ്യാപനം വര്‍ധിച്ചതോടെ ഇടുക്കി കട്ടപ്പന സാമൂഹ്യവ്യാപന ഭീഷണിയില്‍. രണ്ട് സംഭവങ്ങളിലായി 26 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതോടെ പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി നഗരസഭയും ആരോഗ്യവകുപ്പും. രോഗവ്യാപനം തടയാന്‍ കട്ടപ്പന ടൗണ്‍ പൂര്‍ണ്ണമായും അടച്ചു.
കോവിഡ് സ്ഥിരീകരിച്ച ഒരു ഹോട്ടല്‍ ജീവനക്കാരന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 18 പേര്‍ക്കാണ് ഇതിനോടകം രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 17നാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഹോട്ടലിലെത്തിയ മുഴുവന്‍ ആളുകളെയും കണ്ടെത്താന്‍ ഇതുവരെ ആയിട്ടില്ല.ഇയാളുമായി പ്രാഥമിക-ദ്വദീയ സമ്പര്‍ക്കത്തിലായി വന്നത് ആയിരത്തിലധികം ആളുകളാണ്. കൂടാതെ 16ന് രോഗം സ്ഥിരീകരിച്ച അമ്പത്തിരണ്ടുകാരന്റെ സമ്പര്‍ക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ 6 പേര് രോഗബാധിതരായി.
രോഗികളുടെ എണ്ണം കൂടുവാനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് തന്നെ പറയുന്നത്.അമ്പത്തിരണ്ടുകാരന് ചികിത്സയില്‍ കഴിഞ്ഞിരുന്ന കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി ഞായറാഴ്ച വരെ അടച്ചിടും. കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ വന്ന മുഴുവന്‍ ആളുകളെയും കണ്ടെത്തി പരിശോധിക്കാനുള്ള നടപടിയും തുടങ്ങിയിട്ടുണ്ട്.
നിലവില്‍ ബസ്സുകള്‍ ഒന്നും കട്ടപ്പന ടൌണിലേക്ക് കടക്കുന്നില്ല. ഇടുക്കി,അടിമാലി,ഉപ്പുതറ ഭാഗത്ത് നിന്നുള്ള ബസുകള്‍ ഇടുക്കിക്കവല വരെയും, നെടുങ്കണ്ടം, വണ്ടന്മേട് ഭാഗത്ത് നിന്നുള്ളവ പാറക്കടവ് വരെയും മാത്രമാണ് സര്‍വീസ് നടത്തുന്നത്.



