ന്യൂഡല്‍ഹി: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയിലെ ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും മദ്യവിതരണത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. നഗരത്തിലെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും മദ്യവിതരണം നടത്തുന്നതിന് ഡല്‍ഹി സര്‍ക്കാര്‍ അനുമതി നല്‍കി. ലൈസന്‍സുള്ള സ്ഥാപനങ്ങള്‍ക്കാണ് അനുമതി നല്‍കുന്നത്. എന്നാല്‍, കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ അണ്‍ലോക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം ബാറുകള്‍ അടഞ്ഞുകിടക്കും. റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും മദ്യവിതരണത്തിന് ആവശ്യമായ അനുമതി നല്‍കണമെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എക്‌സൈസ് വകുപ്പിന് നിര്‍ദേശം നല്‍കി.
മദ്യവിതരണം നിര്‍ത്തിയതുമൂലം സംസ്ഥാന സര്‍ക്കാരിന്റെ വരുമാനത്തിലുണ്ടായ ഇടിവ് കണക്കിലെടുത്താണ് തീരുമാനം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് മദ്യം വിളമ്ബുക. ഡല്‍ഹിയില്‍ റസ്റ്റോറന്റുകള്‍ക്ക് നിബന്ധനകളോടെ ജൂണ്‍ എട്ട് മുതല്‍ തുറന്നുപ്രവര്‍ത്തിക്കാനുള്ള അനുവാദം ലഭിച്ചിരുന്നു. എന്നാല്‍, മദ്യവിതരണത്തിന് നിരോധനം തുടര്‍ന്നു. അസം, പഞ്ചാബ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളിലും എക്‌സൈസ് നിയമപ്രകാരം ലൈസന്‍സുള്ള ഹോട്ടലുകളിലും റസ്‌റ്റോറന്റുകളിലും ക്ലബ്ബുകളിലും മറ്റും മദ്യം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു.
ഡല്‍ഹി സര്‍ക്കാരിന്റെ നികുതി വരുമാനത്തിന്റെ വലിയൊരു പങ്കും ലഭിക്കുന്നത് മദ്യത്തിലൂടെയാണ്. കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഹോട്ടലുകളിലും ബാറുകളിലും മദ്യനിരോധനം ഏര്‍പ്പെടുത്തിയത് വരുമാനത്തില്‍ വലിയ തോതില്‍ നഷ്ടം സംഭവിക്കാനിടയാക്കിയെന്നാണ് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ സ്വാഗതംചെയ്ത് റസ്റ്റോറന്റ് ഉടമകള്‍ രംഗത്തെത്തി. റസ്‌റ്റോറന്റ് വ്യവസായത്തിന് സഹായകമാവുന്ന വാര്‍ത്തയാണിതെന്ന് അവര്‍ പ്രതികരിച്ചു. നഷ്ടമായ വ്യവസായത്തില്‍നിന്ന് തങ്ങളെ കരകയറ്റാന്‍ സര്‍ക്കാരിന്റെ ഉത്തരവിലൂടെ കഴിയും. എക്‌സൈസ് വകുപ്പിന്റെ ഉത്തരവ് ലഭിച്ചാല്‍ മദ്യവിതരണം ആരംഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു



