തിരുവനന്തപുരം: കോവിഡ് രോഗബാധിതര്‍ക്കും നിരീക്ഷണത്തിലുള്ളവര്‍ക്കും തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിന് കത്ത് നല്‍കി. പോസ്റ്റല്‍, പ്രോക്‌സി വോട്ടുകള്‍ സാധ്യമാകും വിധം നിയമ ഭേദഗതി ആവശ്യപ്പെട്ടാണ് കത്ത് നല്‍കിയിരിക്കുന്നത്. ഇങ്ങനെയൊരു മാറ്റം കൊണ്ടുവരണമെങ്കില്‍ പഞ്ചായത്തിരാജ് നിയമഭേദഗതി ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാര്‍ പരിഗണിക്കാനാണ് സാധ്യത.

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിക്കുന്നത്. ഒക്‌ടോബര്‍ അവസാന വാരമോ നവംബര്‍ ആദ്യ വാരമോ തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍ നേരത്തെ പറഞ്ഞിരുന്നു. പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടക്കുക. രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്തും. ഏഴ് ജില്ലകള്‍ വീതം ഓരാേ ഘട്ടത്തിലും. വോട്ടിങ് സമയം ഓരോ മണിക്കൂര്‍ നീട്ടും. രാവിലെ ഏഴ് മുതല്‍ വെെകീട്ട് ആറ് വരെയായിരിക്കും വോട്ടെടുപ്പ്. പുതുക്കിയ വോട്ടര്‍ പട്ടിക ഓഗസ്റ്റ് രണ്ടാം വാരം പ്രസിദ്ധീകരിക്കും.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ 14 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ ഇത്തവണയുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 2015 ല്‍ 2.51 കോടി വോട്ടര്‍മാരാണ് ആകെയുണ്ടായിരുന്നത്. വോട്ടര്‍മാരുടെ എണ്ണത്തിനു ആനുപാതികമായി പോളിങ് ബൂത്തകള്‍ ക്രമീകരിക്കും. പോളിങ് ബൂത്തുകളില്‍ തിരക്ക് വര്‍ധിച്ചാല്‍ അത് കോവിഡ് പ്രതിരോധത്തിനു തിരിച്ചടിയാകുമെന്നതിനാല്‍ അതീവ ജാഗ്രതയോടെയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനു വീടുകളില്‍ കയറിയിറങ്ങാന്‍ അടക്കം നിയന്ത്രണങ്ങളുണ്ടാകും.