മൂന്നാര്‍: ഇടുക്കി പെട്ടിമുടി ദുരന്തത്തില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇന്നും തുടരും. 9 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. മണ്ണിനടിയിലുള്ളവരെ കണ്ടെത്താന്‍ സഹായിക്കുന്ന റഡാര്‍ സംവിധാനം ഉപയോഗിച്ചാണ് ഇപ്പോള്‍ തെരച്ചില്‍ നടത്തുന്നത്. മൂന്നുപേരുടെ മൃതദേഹം കൂടി ഇന്നലെ നടന്ന തെരച്ചിലില്‍ കണ്ടെത്തി. ഇതോടെ മരിച്ചവരുടെ എണ്ണം 61 ആയി. സംസ്ഥാനത്തെ ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തമായി പെട്ടിമുടി മാറി.
അശ്വന്തരാജ് (6), അനന്തശിവന് (55) എന്നിവരുടെ മൃതദേഹമാണ് ഇന്നലെ കണ്ടെത്തിയത്. ഒരു പുരുഷന്റെ മൃതദേഹം തിരിച്ചറിയാനുണ്ട്. കുട്ടിയുടെ മൃതദേഹം ഗ്രേവല്‍ ബാങ്കിനു സമീപത്തെ പുഴയില്‍ നിന്നും മറ്റു രണ്ടു മൃതദേഹങ്ങള്‍ പെട്ടിമുടിയില്‍ നിന്നു നാലു കിലോമീറ്റര്‍ അകലെയുള്ള കരിന്പിരിയാറിനു സമീപത്തുനിന്നുമാണ് കണ്ടെത്തിയത്. പ്രദേശത്ത് മഴ മാറിനില്‍ക്കുന്നതും പുഴയിലെ ഒഴുക്കു കുറഞ്ഞതും തെരച്ചിലിന് സഹായമായിട്ടുണ്ട്.
ലയങ്ങള്‍ ഉണ്ടായിരുന്ന സ്ഥലത്ത് റഡാര്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഇന്നലെ ചില സ്ഥലങ്ങള്‍ മാര്‍ക്ക് ചെയ്തിരുന്നു, ഇന്ന് അവിടങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് തെരച്ചില്‍ നടത്തും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഡോഗ് സ്ക്വാഡിനെ കഴിഞ്ഞ ദിവസങ്ങളില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടില്ല.



