ദില്ലി: 13 രാജ്യങ്ങളിലേക്ക് പരസ്പര സഹകരണത്തോടെ വിമാന സര്‍വീസ് ആരംഭിക്കാന്‍ ഇന്ത്യ നീക്കം തുടങ്ങി. ഇത്രയും രാജ്യങ്ങളുമായി ചര്‍ച്ച നടക്കുന്ന കാര്യം വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയാണ് അറിയിച്ചത്. പരസ്പര സഹകരണത്തോടെ സര്‍വീസ് ആരംഭിക്കുന്ന എയര്‍ ബബിള്‍ കരാറാണ് നടപ്പാക്കുക. കരാറിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്ബനികള്‍ക്ക് പൗരന്‍മാരെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരെയും വഹിച്ച്‌ യാത്ര ചെയ്യാന്‍ അനുവദിക്കുന്നതാണിത്.

കൊറോണ നിയന്ത്രണങ്ങള്‍ കാരണം അന്താരാഷ്ട്ര സര്‍വീസ് പൂര്‍ണ തോതില്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല. ഇതിന് പകമായിട്ടാണ് എയര്‍ ബബിള്‍ രീതിയില്‍ കരാറുണ്ടാക്കുന്നത്. ഇതുപ്രകാരം കരാറിലെത്തുന്ന രാജ്യങ്ങളിലെ വിമാന കമ്ബനികള്‍ക്ക് മാത്രമാണ് സര്‍വീസിന് അനുമതിയുണ്ടാകുക. സര്‍വീസിന് പ്രത്യേക നിയന്ത്രണങ്ങളുമുണ്ടാകും.

ആസ്‌ത്രേലിയ, ഇറ്റലി, ജപ്പാന്‍, ന്യൂസിലാന്റ്, നൈജീരിയ, ബഹ്‌റൈന്‍, ഇസ്രായേല്‍, കെനിയ, ഫിലിപ്പീന്‍സ്, റഷ്യ, സിംഗപ്പൂര്‍, സൗത്ത് കൊറിയ, തായ്‌ലാന്റ് എന്നീ 13 രാജ്യങ്ങളുമായി ചര്‍ച്ച നടക്കുകയാണ്. കൂടാതെ ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്താന്‍, നേപ്പാള്‍, ഭൂട്ടാന്‍ തുടങ്ങിയ അയല്‍ രാജ്യങ്ങളുമായും ചര്‍ച്ച നടക്കുന്നുണ്ട്.

കഴിഞ്ഞ മാസം ചില രാജ്യങ്ങളുമായി എയര്‍ ബബിള്‍ കരാര്‍ ഒപ്പുവച്ചിരുന്നു. അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, യുഎഇ, ഖത്തര്‍, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായിട്ടായിരുന്നു ജൂലൈയിലെ കരാര്‍. ഇപ്പോള്‍ 13 രാജ്യങ്ങളുമായിട്ടാണ് ചര്‍ച്ച. അന്താരാഷ്ട്ര സര്‍വീസ് സമ്ബൂര്‍ണമായ തോതില്‍ ഇതുവരെ ഇന്ത്യ ആരംഭിച്ചിട്ടില്ല. മാര്‍ച്ച്‌ 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസ് ഇന്ത്യ നിര്‍ത്തിവച്ചത്. ഘട്ടങ്ങളായി നിയന്ത്രണങ്ങള്‍ നീക്കി വരികയാണ്. ആഭ്യന്തര സര്‍വീസിന് നേരത്തെ ഇളവ് നല്‍കിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് സര്‍വീസ് നടക്കുകയാണ്. വന്ദേഭാരത് മിഷന്‍ പ്രകാരമുള്ള സര്‍വീസ് ഇതിന് പുറമെ നടക്കുന്നുണ്ട്.