ന്യൂഡല്‍ഹി: രാജ്യത്ത്​ രണ്ടു ദിവസത്തിനിടെ ഒ​ാരോ മൂന്ന്​ മിനിറ്റിലും രണ്ടുപേര്‍വീതം കോവിഡ്​ ബാധിച്ച്‌​ മരിക്കുന്നുവെന്ന്​ ആരോഗ്യ മന്ത്രാലയം. ആഗസ്​റ്റ്​ 16നും 17നും രാജ്യത്തെ മരണസംഖ്യ കുത്തനെ ഉയര്‍ന്നിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 876 കോവിഡ്​ മരണം രാജ്യത്ത്​ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ മരണസംഖ്യ 51,797 ല്‍ എത്തി.

അതേസമയം രാജ്യത്ത്​ രോഗമുക്തി നിരക്ക്​ ഉയരുന്നത്​ ആശ്വാസത്തിന്​ ഇട നല്‍കുന്നു. 73.18 ശതമാനമാണ്​ രാജ്യത്തെ രോഗമുക്തി നിരക്ക്​. മരണനിരക്ക്​ 1.92 ശതമാനവും. അമേരിക്കക്കും ബ്രസീലിനും പിന്നാലെ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള രാജ്യം ഇന്ത്യയാണ്​. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,079 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 27,02,743 ആയി.