തിരുവനന്തപുരം:ജില്ലയില്‍ ഇന്ന് രണ്ട് കൊറോണ മരണം കൂടി. തമിഴ്‌നാട് സ്വദേശിയായ വിജയ (31), കാട്ടാക്കട സ്വദേശി പ്രതാപന്‍ ചന്ദ്രന്‍ എന്നിവരാണ് മരിച്ചത്. എസ്‌എടി ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു വിജയുടെ മരണം. ചെന്നൈ സ്വദേശിയായ വിജയ വിഴിഞ്ഞതാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം വിജയ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞ് പ്രസവ സമയത്ത് തന്നെ മരിച്ചു. മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഇന്ന് രാവിലെയാണ് പ്രതാപന്‍ മരിച്ചത്. ഹൃദയ,ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു ഇയാള്‍. ഇയാളുടെ കുടുംബത്തിലെ ഒമ്ബത് പേര്‍ക്ക് നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു.

ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച്‌ മരിച്ചവരുടെ എണ്ണം ഏഴായി.മലപ്പുറം പൂക്കോട്ടൂര്‍ സ്വദേശി ഇല്യാസ്, മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് മരിച്ചത്. എറണാകുളത്ത് കൊറോണ ബാധിച്ച്‌ ചികിത്സയിലായിരുന്ന രണ്ട് പേരാണ് ഇന്ന് മരിച്ചത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ തായ്ക്കാട്ടുകാര സ്വദേശി സദാനന്ദന്‍,മൂത്തകുന്നം കോട്ടുവള്ളിക്കാട് തറയില്‍ വൃന്ദ ജീവന്‍ എന്നിവരാണ് മരിച്ചത്. സദാനന്ദന് ഹൃദ്രോഗവും രക്തസമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. വൃന്ദ അര്‍ബുദബാധിതയായിരുന്നു. മരണം കൊറോണ മൂലമാണെന്ന് സ്ഥിരീകരിക്കുന്നതിനായി ഇവരുടെ സ്രവം ആലപ്പുഴ എന്‍ ഐ വി ലാബിലേക്കയച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു.

കോഴിക്കോട് ജില്ലയിലാണ് മറ്റ് രണ്ട് കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തത്. വടകര റൂറല്‍ എസ്പി ഓഫീസ് ജീവനക്കാരനായ ബാലുശ്ശേരി സ്വദേശി ഷാഹിന്‍ ബാബുവും മാവൂര്‍ സ്വദേശിയായ സുലുവുമാണ് കോഴിക്കോട് മരിച്ചത്. നാല് ദിവസം മുമ്ബാണ് ഷാഹിന്‍ ബാബുവിന് കൊറോണ സ്ഥിരീകരിച്ചത്.