തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ ഇ വേബില്‍ നടപ്പാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ.ബി.ഗോവിന്ദന്‍, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ട്രഷറര്‍ എസ്.അബ്ദുല്‍ നാസര്‍ എന്നിവര്‍ ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതിനു പകരം സ്വര്‍ണ വ്യാപാരികളെ പീഡിപ്പിക്കുന്ന സമീപനം ശരിയല്ല.

ഒന്നര പവന്‍ സ്വര്‍ണാഭരണവുമായി പോകുന്നയാളില്‍ നിന്ന് ഇ വേബില്‍ ആവശ്യപ്പെടാമെന്നും ഇ വേബില്‍ ഇല്ലെങ്കില്‍ സ്വര്‍ണം കണ്ടു കെട്ടാമെന്നുമുള്ള നിയമം സൃഷ്ടിക്കുന്നത് പൗരന്മാരുടെ സ്വാതന്ത്യത്തിന്‍മേലുള്ള കടന്നുകയറ്റമാകും. സ്വര്‍ണാഭരണം വില്‍ക്കുന്നതിനോ പണയം വയ്ക്കുന്നതിനോ ശ്രമിക്കുന്നവരെപോലും കേസില്‍ കുടുക്കാന്‍ കഴിയുന്ന അധികാരം സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങളുണ്ടാക്കും. 80 ശതമാനം വിപണി വിഹിതമുള്ള ചെറുകിട വ്യാപാരികളുടെ നിലനില്‍പിനെ ബാധിക്കുന്ന ഇ വേബില്‍ നടപ്പാക്കരുതെന്ന് ഭാരവാഹികള്‍ സര്‍ക്കാരിനോടാവശ്യപ്പെട്ടു.