മുന്‍ ചീഫ് ജസ്റ്റിസുമാരെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണെതിരെയുള്ള കോടതിയലക്ഷ്യക്കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ജുഡിഷ്യറിയുടെയും സുപ്രിംകോടതിയുടെയും അന്തസ് ഇടിച്ചു താഴ്ത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്ന പ്രശാന്ത് ഭൂഷന്റെ വിശദീകരണം കോടതി തള്ളിയിരുന്നു. വിഷയത്തില്‍ വിശദമായി വാദം കേള്‍ക്കാനും തീരുമാനിച്ചു. 2009ല്‍ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ അന്നത്തെ ചീഫ് ജസ്റ്റിസ് എസ്.എച്ച്‌. കപാഡിയെയും മുന്‍ ചീഫ് ജസ്റ്റിസുമാരെയും രൂക്ഷമായി വിമര്‍ശിച്ചതാണ് കോടതിയലക്ഷ്യക്കേസിന് കാരണമായത്.

ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയെയും, നാല് മുന്‍ ചീഫ് ജസ്റ്റിസുമാരെയും വിമര്‍ശിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കോടതിയലക്ഷ്യക്കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനെന്ന് ഇതേ ബെഞ്ച് കണ്ടെത്തിയിരുന്നു.