ന്യൂഡല്‍ഹി: മൗറീഷ്യസിന് സഹായവുമായി ഇന്ത്യ. മൗറീഷ് തീരത്ത് കപ്പലില്‍നിന്നുണ്ടായ എണ്ണ ചോര്‍ച്ച തടയുന്നതിന് വിദഗ്ധരെയും ചോര്‍ച്ച തടയുന്നതിന് ആവശ്യമായ ഉപകരണങ്ങളും മൗറീഷ്യസിലേയ്ക്ക് അയച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
30 ടണ്ണിലധികം ഉപകരണങ്ങളും മറ്റുവസ്തുക്കളും ഇന്ത്യ വ്യോമസേനാ വിമാനത്തില്‍ മൗറീഷ്യസിലേയ്ക്ക് അയച്ചിട്ടുണ്ട്. കൂടാതെ പത്തുപേരടങ്ങുന്ന സാങ്കേതിക വിദഗ്ധരെയും എണ്ണ ചോര്‍ച്ച തടയുന്നതിനായി അയച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ജാപ്പനീസ് എണ്ണക്കപ്പലായ എംവി വക്കാഷിയോ ജൂലായ് 25ന് ആണ് മൗറീഷ്യസ് തീരത്തിനു സമീപം അപകടത്തില്‍പ്പെട്ടത്. 1000 ടണ്‍ ഇന്ധനമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. പവിഴപുറ്റുകളില്‍ തട്ടിയാണ്തകര്ന്നത്. ഇതോടെയാണ് കപ്പലിലെ ഇന്ധനം ചോര്‍ന്നത്.
വന്‍തോതിലുള്ള ഇന്ധന ചോര്‍ച്ച മത്സ്യങ്ങള്‍ അടക്കമുള്ള കടല്‍ ജീവികള്‍ക്ക് ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുന്നത്. രാജ്യത്തുണ്ടായതില്‍വെച്ച് ഏറ്റവും ഗുരുതരമായ പാരിസ്ഥിതിക ദുരന്തമാണ് ഇതെന്ന് മൗറീഷ്യസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സഹായവുമായി ഇന്ത്യ എത്തിയത്.



