കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി എന്‍ഫോര്‍ഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് വിശദമായ പരിശോധിക്കും. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഇന്നലെ ചോദ്യം ചെയ്തത് അഞ്ച് മണിക്കൂറോളം. ശിവശങ്കര്‍ നല്‍കിയ മറുപടിയില്‍ ഇഡി തൃപ്തരല്ലെന്നാണ് സൂചന. ഉത്തരങ്ങള്‍ പലതും അവ്യക്തമാണ്. ശനിയാഴ്ചയ്ക്കുള്ളില്‍ ശിവശങ്കറിനെ ഒരിക്കല്‍ കൂടി ചോദ്യം ചെയ്യാനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.
ലൈഫ് മിഷന്‍ പദ്ധതിയില്‍ സ്വപ്‌ന സുരേഷിന് ലഭിച്ച കമ്മീഷനെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ശിവശങ്കറിനോട് ചോദിച്ചതായാണ് വിവരം. ഇതിന് ‘അറിയില്ല’ എന്നായിരുന്നു മറുപടി. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. സ്വപ്‌നയുടെ ഹവാല ഇടപാടുകളില്‍ ശിവശങ്കറിന് പങ്കുണ്ടോയെന്നും പരിശോധിക്കും. വരും ദിവസങ്ങളില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിനേയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
സ്വപ്നയുടെ രണ്ട് ബാങ്ക് ലോക്കറുകളെ കുറിച്ചാണ് പ്രധാനമായി അന്വേഷണം നടക്കുന്നത്. രണ്ട് ലോക്കറുകളില്‍ നിന്നായി ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും നേരത്തെ കണ്ടെത്തിയിരുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടിനൊപ്പം ജോയിന്‍റ് അക്കൗണ്ടാണിത്. ശിവശങ്കര്‍ ആവശ്യപ്പെട്ടിട്ടാണ് ലോക്കര്‍ തുറന്നതെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് നേരത്തെ മൊഴി നല്‍കിയിരുന്നു.



