ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ശക്തമായി പോരാടി ഇന്ത്യ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 57,381 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. ഒറ്റദിവസം രോഗമുക്തരുടെ എണ്ണത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 56,383 പേരാണ് കഴിഞ്ഞ ദിവസം രോഗമുക്തി നേടിയത്.

കൂടുതല്‍ പേര്‍ ആശുപത്രി വിട്ടതോടെ രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 18 ലക്ഷം കടന്നു. ഇതുവരെ 18,08,936 പേരാണ് രോഗമുക്തി നേടിയത്. രോഗമുക്തിനിരക്ക് 70% കടന്നിട്ടുണ്ട്. ജൂലൈ ആദ്യ വാരത്തില്‍ രാജ്യത്തെ പ്രതിദിന രോഗമുക്തരുടെ എണ്ണം ശരാശരി 15,000 ആയിരുന്നു. എന്നാല്‍ ഓഗസ്റ്റ് ആദ്യ വാരമായപ്പോഴേക്കും ഇത് 50,000 എന്ന നിലയിലേക്കുയര്‍ന്നു.

രാജ്യത്താകെ രോഗം സ്ഥിരീകരിച്ചവരുടെ 26.45% മാത്രമാണ് നിലവില്‍ ചികിത്സയിലുള്ളത് (6,68,220). രോഗമുക്തരുടെ എണ്ണം ചികിത്സയിലുള്ളവരുടെ എണ്ണത്തേക്കാള്‍ 11 ലക്ഷത്തില്‍ അധികമായും വര്‍ധിച്ചു(11,40,716). ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ രാജ്യത്തെ മരണനിരക്ക് കുറയ്ക്കാനും കഴിഞ്ഞു. നിലവില്‍ 1.94% ആണ് രാജ്യത്തെ മരണനിരക്ക്.