കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇന്നലെ നടന്ന അപകടത്തിന് ശേഷം വിമാനത്താവളം പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമായി. വിമാനങ്ങള്‍ സാധാരണ നിലയില്‍ സര്‍വിസ് പുനരാരംഭിച്ചതായി എയര്‍പോര്‍ട്ട് ഡയറക്റ്റര്‍ അറിയിച്ചു. അപകടത്തെ തുടര്‍ന്ന് കരിപ്പൂരില്‍ സര്‍വ്വീസ് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന് കരിപ്പൂരിലിറങ്ങേണ്ട വിമാനം കണ്ണൂരിലായിരുന്നു ഇറങ്ങിയിരുന്നത്. വെളുപ്പിന് മൂന്ന് മണിയോടുകൂടിയാണ് റണ്‍വേ പ്രവര്‍ത്തനക്ഷമമായത്. രാവിലെ മൂന്ന് മണി മുതല്‍ ഉച്ചക്ക് രണ്ടര വരെയുള്ള സമയത്തില്‍ അഞ്ച് ആഭ്യന്തര വിമാനങ്ങള്‍ കരിപ്പൂരിലിറങ്ങുകയും രണ്ട് ആഭ്യന്തര വിമാനങ്ങളും ഒരു അന്താരാഷ്ട്ര വിമാനവും കരിപ്പൂരില്‍ നിന്ന് പറക്കുകയും ചെയ്തു.
അപകടത്തില്‍പ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങ് നടത്തിയത് പൂര്‍ണ വേഗതയിലായിരുന്നുവെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും (ഡി.ജി.സി.എ) വ്യക്തമാക്കിയിരുന്നു. അപകട കാരണം കണ്ടെത്താനായി ഡി.ജി.സി.എ നിയോഗിച്ച സംഘം കരിപ്പൂരില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അപകടകാരണം അന്വേഷിക്കുമെന്നും അതിന് ശേഷമേ വ്യക്തമായ വിവരങ്ങള്‍ പുറത്തുവിടാന്‍ കഴിയൂയെന്നുമാണ് ഡി.ജി.സി.എ അറിയിച്ചു. അപകട സ്ഥലം സന്ദര്‍ശിക്കുന്ന ഡി.ജി.സി.എ സംഘം ശേഷം പരിക്കേറ്റവരെയും മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചേക്കും. മലപ്പുറം ജില്ലയിലും കോഴിക്കോട് ജില്ലയിലുമായി വിവിധ ആശുപത്രികളില്‍ 149 പേരാണ് ചികിത്സയിലുള്ളത്. 18 പേരാണ് മരിച്ചത്. 23 പേര് വീട്ടിലേക്ക് മടങ്ങിയിട്ടുണ്ട്.



