പത്തനംതിട്ട: 24 മണിക്കൂര്‍ പിന്നിട്ട് ജില്ലയില്‍ കനത്ത മഴ തുടരുന്നു. പമ്പയില്‍ രാവിലെ താഴ്ന്ന ജലനിരപ്പ് പിന്നെയും ഉയര്‍ന്നു. വനത്തില്‍ വലിയ ഉരുള്‍ പൊട്ടല്‍ ഉണ്ടായതായാണ് അനുമാനം. വലിയ മരങ്ങള്‍ ഒഴുകി വരുന്നുണ്ട്. പമ്പ ത്രിവേണി പൂര്‍ണമായും മുങ്ങി. നാളെ നിറപുത്തരി ചടങ്ങുകള്‍ക്കായി ശബരിമല നട തുറക്കാനിരിക്കെയാണ് പ്രളയം.
2018 ല്‍ നിറപുത്തരി ചടങ്ങുകള്‍ക്ക് നെല്‍ക്കതിര്‍ സന്നിധാനത്ത് എത്തിക്കാന്‍ പമ്പ നീന്തിക്കടക്കേണ്ടി വന്നിരുന്നു. അതിനുശേഷം നിറപുത്തരിക്കായുള്ള നെല്ല് സന്നിധാനത്തു തന്നെ കൃഷി ചെയ്യുകയാണ്. അതുകൊണ്ട് ഇത്തവണ ചടങ്ങുകള്‍ മുടങ്ങില്ല. മേല്‍ശാന്തിയും സന്നിധാനത്ത് ഉണ്ട്. തന്ത്രിയെ എത്തിക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല.
ജനവാസ മേഖലയായ റാന്നിയില്‍ പമ്പ കരയോടു ചേര്‍ന്നാണ് ഒഴുകുന്നത്. ടൗണില്‍ ഉപാസനക്കടവില്‍ വെള്ളം കരയിലേക്കു കയറിത്തുടങ്ങി. ഇതുവഴിയാണ് നഗരത്തിലേക്കു വെള്ളം കയറുന്നത്.
കുറുമ്പന്‍മൂഴി, മുക്കം, കണമല, എയ്ഞ്ചല്‍വാലി കോസ്‌വേകള്‍ പൂര്‍ണമായും വെള്ളത്തിലായി. ഇവിടെ കോസ്‌വേയ്ക്ക് 5 അടി മുകളിലൂടെയാണ് പ്രളയ ജലം ഒഴുകുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാല്‍ പ്രളയ ജലം ഉള്‍ക്കൊള്ളാനുള്ള ശേഷി നദിയിലും കൈവഴികളിലുമുണ്ടായിരുന്നു.



