തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസമായി ശക്തമായ മഴ തുടരുന്നതിനിടെ വിവിധയിടങ്ങളില്‍ ഉരുള്‍ പൊട്ടല്‍. ഇടുക്കിയില്‍ പീരുമേട്ടിലും,മേലെ ചിന്നാറിലും ഉരുള്‍പൊട്ടലുണ്ടായി. പീരുമേട്ടില്‍ മൂന്നിടത്താണ് ഉരുള്‍ പൊട്ടിയത്. ഉരുള്‍ പൊട്ടലില്‍ ആളപായമില്ല. തൂവല്‍,പെരിഞ്ചാംകുട്ടി, മേലെ ചിന്നാര്‍ മേഖലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കി.കോഴിക്കോട് വിലങ്ങാട് മലയിലും ഉരുള്‍പൊട്ടലുണ്ടായി.

കല്ലാര്‍കുടി, ലോവര്‍ പെരിയാര്‍ ഡാമുകളുടെ എല്ലാ ഷട്ടറുകളും തുറന്നു.പെരിയാറില്‍ ജലനിരപ്പ് ഉയരുകയാണ്.ഏലൂരിലെ 32 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പൊന്മുടി ഡാമിന്റെയും ഷട്ടറുകള്‍ തുറന്നു. പത്തനംതിട്ട മൂഴിയാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കബനി നദി കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി.

ചാലിയാര്‍ പുഴയില്‍ മലവെള്ളപ്പാച്ചിലുണ്ടായതിനെത്തുടന്ന് നിലമ്ബൂരില്‍ വെള്ളം കയറി.നിലമ്ബൂര്‍-ഗൂഡല്ലൂര്‍ പാതയിലെ ഗതാഗതം തടസപ്പെട്ടു. മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം മുതല്‍ വടക്കോട്ട് കാസര്‍കോട് വരെ എട്ടു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കോട്ടയം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയുണ്ടാകും. നാളെ തിരുവനന്തപുരം,​ കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും മറ്റു ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറേണ്ട സാഹചര്യമുണ്ടായാല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ക്വാറന്റീനില്‍ കഴിയുന്നവര്‍, രോഗലക്ഷണമുള്ളവര്‍, കൊവിഡ് മൂലം കൂടുതല്‍ അപകടസാദ്ധ്യതയുള്ളവര്‍, സാധാരണ ജനങ്ങള്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളായി ക്യാമ്ബുകള്‍ സജ്ജമാക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കേരളതീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.