ഡല്‍ഹി: ജൂണ്‍ ആറിന് സൈനിക ചര്‍ച്ചയിലുണ്ടായ ധാരണകളുടെ ലംഘനമാണ് ചൈന ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ നടത്തിയതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. മേയ് മുതല്‍ ചൈന നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണകളുടേയും ചട്ടങ്ങളുടേയും ലംഘനമാണെന്ന് മന്ത്രാലയം പറഞ്ഞു.

ചൈന അതിര്‍ത്തിയില്‍ നടത്തിയ സന്നാഹം ഇന്ത്യയും ചൈനയും തമ്മിലെ വിവിധ ഉഭയകക്ഷി ധാരണകള്‍ക്ക് അനുസരിച്ചുള്ളതല്ലെന്നും പ്രത്യേകിച്ച്‌ 1993-ലെ കരാറിന്റെ ലംഘനമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു. അതിനെ തുടര്‍ന്ന് ഇന്ത്യയും സൈനിക വിന്യാസം നടത്തിയെന്ന് വക്താവ് പറഞ്ഞു. അതിന്റെ ഫലമായി സംഘര്‍ഷവും ഉണ്ടായി.

ബുധനാഴ്ച്ച ചൈനയുടെ പ്രതിരോധ മന്ത്രാലയം ഗാല്‍വാന്‍ താഴ് വരയുടെ മേലുള്ള അവകാശം ആവര്‍ത്തിച്ചു. ഇതാദ്യമായിട്ടാണ് ചൈനയുടെ സൈനിക വിഭാഗം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളിലെ ഒരു സ്ഥലത്തിനുവേണ്ടി അവകാശ വാദം ഉന്നയിക്കുന്നത്. അന്യായമായ അവകാശവാദങ്ങള്‍ നടത്തുകയും അതിനെതുടര്‍ന്ന് വന്‍തോതില്‍ സൈനികരെ വിന്യസിക്കുകയും പെരുമാറ്റത്തില്‍ മാറ്റം കൊണ്ടുവരികയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു.

നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യ കൂടുതല്‍ ആര്‍മി, ഐടിബിപി സൈനികരെ വിന്യസിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഗാല്‍വാന്‍ താഴ്വരയില്‍ ഏറ്റുമുട്ടലുണ്ടായതടക്കമുള്ള തര്‍ക്ക മേഖലകളില്‍ നിന്ന് പിന്‍വാങ്ങാന്‍ ഇരു സൈന്യങ്ങളും സൈനിക തലചര്‍ച്ചയില്‍ ധാരണയിലെത്തിയെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.