തിരുനെൽവേലി: തിരുനെൽവേലിയിലെ പ്രമുഖ മധുര പലഹാര സ്ഥാപനമായ ഇരുട്ടുകടൈയുടെ ഉടമ ജീവനൊടുക്കി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹരി സിംഗ് (70) ജീവനൊടുക്കിയത് എന്നാണു സൂചന.
വ്യാഴാഴ്ച ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലെ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. രണ്ടു ദിവസം മുന്പാണ് ഇദ്ദേഹത്തിനു കോവിഡ് സ്ഥിരീകരിച്ചത്.
മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്നാണു ഹരി സിംഗിനെ പാളയംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ പരിശോധനയിൽ കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. പിന്നാലെയാണു മരണം.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു കൈമാറുമെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇദ്ദേഹത്തിന്റെ മരുമകനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൽവ വിൽപ്പനയിലൂടെയാണ് ഇരുട്ടുകടൈ എന്ന സ്ഥാപനം പ്രശസ്തമായത്. വൈകിട്ട് അഞ്ച് മുതൽ രാത്രി എട്ട് മണി വരെ മൂന്നു മണിക്കൂർ മാത്രമാണ് കട പ്രവർത്തിച്ചിരുന്നത്.



