തിരുവനന്തപുരം: പ്രവാസികളുടെ മടങ്ങിവരവ് മുടക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പ്രവാസികളോടുള്ള സർക്കാരിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ചുള്ള യുഡിഎഫിന്റെ സെക്രട്ടേറിയറ്റ് ധർണയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രവാസികളോട് ഇത്ര അപ്രായോഗിക നിബന്ധനകൾ വച്ച മറ്റൊരു സർക്കാരില്ല. രോഗബാധിതരെ ഒരുവിമാനത്തിൽ കൊണ്ടുവരണമെന്ന വിഡ്ഢിത്തം പോലും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ നിലപാടിനെ എതിർക്കുന്ന പ്രതിപക്ഷത്തേയും മാധ്യമങ്ങളെയും കുത്തിതിരിപ്പുകാരെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.
ഇഷ്ടമല്ലാത്ത വാർത്ത പ്രസിദ്ധീകരിക്കുന്ന മാധ്യമങ്ങൾ സാമൂഹ്യവിരുദ്ധരാണെന്ന് പറയുന്നത് തെറ്റായ നടപടിയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.



