ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. 24 മണിക്കൂറിനുള്ളില്‍ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 5071 പേര്‍ മരിച്ചതയാണ് വിവരം. 24 മണിക്കൂറിനിടെ 1.73 ലക്ഷം രോഗികളും ഉണ്ടായതോടെ ലോകത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 95 ലക്ഷം കടന്നു.
ആകെ 51.69 ലക്ഷം പേര്‍ രോഗമുക്തി നേടി. നിലവില്‍ 38.66 ലക്ഷംപേരാണ് വിവിധ രാജ്യങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. കൊവിഡ് രോഗികളുടെയും മരണങ്ങളുടെയും നിരക്ക് ഉയരുമ്ബോള്‍ മരുന്നിനുളള അന്വേഷണങ്ങളും പുരോഗമിക്കുകയാണ്. കൊവിഡ് വൈറസിനെതിരായി വികസിപ്പിച്ച വാക്‌സിന്‍ ഉപയോഗിച്ചുളള രണ്ടാംഘട്ട പരീക്ഷണങ്ങള്‍ സജീവമാണ്. ആദ്യഘട്ടത്തില്‍ മൃഗങ്ങളില്‍ വാക്‌സിന്‍ പരീക്ഷിച്ചപ്പോള്‍ വിജയസാധ്യത കണ്ടെത്തിയതിനെ തുടര്‍ന്നാണ് മനുഷ്യരില്‍ മരുന്ന് പരീക്ഷണം ആരംഭിച്ചത്.
ഇന്നലെ ഏറ്റവുമധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലില്‍ നിന്നാണ്, 1,103 മരണം. അമേരിക്കയില്‍ 808, മെക്‌സിക്കോ 793, ഇന്ത്യ 424, ചിലി 226, പെറു 182, യുകെ 154, റഷ്യ 154, ഇറാന്‍ 133 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിലെ മരണനിരക്ക്.
അമേരിക്കയില്‍ ഇതുവരെ 24.63 ലക്ഷം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1.24 ലക്ഷം ജനങ്ങള്‍ മരിക്കുകയും ചെയ്തു. ഇന്നലെ മാത്രം 39,064 പേര്‍ക്കാണ് യുഎസില്‍ രോഗം കണ്ടെത്തിയത്. രോഗമുക്തി നേടിയവരുടെ എണ്ണം 10.40 ലക്ഷമാണ്. 12.98 ലക്ഷം പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുളള ബ്രസീലില്‍ 11.92 ലക്ഷം ജനങ്ങള്‍ക്ക് കൊവിഡ് ബാധിച്ചു. 53,874 പേര്‍ ഇതുവരെ മരിക്കുകയും ചെയ്തു. 6.49 ലക്ഷം ആളുകള്‍ രോഗമുക്തി നേടി. നിലവില്‍ 4.88 ലക്ഷമാളുകളാണ് ചികിത്സയിലുളളത്.



