കോഴിക്കോട്: സംഘടനാ അച്ചടക്കവും പെരുമാറ്റച്ചട്ടവും നേതാവ് എന്ന നിലയില്‍ പുലര്‍ത്തേണ്ട കൂട്ടുത്തരവാദിത്വവും ജനാധിപത്യ സംസ്കാരവും ലംഘിച്ചെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന വൈസ്പ്രസിഡണ്ട് സ്ഥാനത്ത് ശ്രീജ നെയ്യാറ്റിന്‍കരയെ സസ്പെന്‍ഡ് ചെയ്തതെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി.കണ്ണൂര്‍ പാലത്തായിയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകന്‍ പീഡിപ്പിച്ച വിഷയത്തില്‍ പൊലീസ് നിലപാട് തുറന്നുകാണിച്ചും അതിനെതിരെ ജനങ്ങളെ അണിനിരത്തിയുമാണ് പാര്‍ട്ടിയുടെ പോഷക സംഘടനയായ വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് പ്രക്ഷോഭങ്ങള്‍ സംഘടിപ്പിച്ചത്.

പീഡിപ്പിക്കപ്പെട്ട പിഞ്ചുകുട്ടിയുടെ നീതിക്കായി വിമന്‍ ജസ്റ്റിസ് മൂവ്മെന്റ് തയ്യാറാക്കിയ സാമൂഹിക പ്രവര്‍ത്തകരും ആക്റ്റിവിസ്റ്റുകളും ജനപ്രതിനിധികളും ഒപ്പുവെച്ച സംയുക്ത പ്രസ്താവനയില്‍ ഒപ്പുവെക്കാന്‍ ശ്രീജ നെയ്യാറ്റിന്‍കര വിസമ്മതിച്ചെന്നും പാര്‍ട്ടി പുറത്തിറക്കിയ പ്രസാതവനയില്‍ കുറ്റപ്പെടുത്തുന്നു. സംയുക്ത പ്രസ്താവനക്ക് സമാന്തരമായി സ്വന്തംനിലക്ക് മുഖ്യമന്ത്രിക്ക് തുറന്നകത്ത് തയ്യാറാക്കുകയും അതില്‍ ഒപ്പുവെക്കാന്‍ മറ്റുള്ളവരോട് ആഹ്വാനം നടത്തുകയും ചെയ്തു.

താന്‍ ഭാരവാഹിയായ പാര്‍ട്ടിയുടെ പോഷക സംഘടനയുടെ സാമൂഹ്യ ഇടപെടലിനെ അപ്രസക്തമാക്കാന്‍ ഒരു ഭാരവാഹി തന്നെ ശ്രമിക്കുന്നത് അച്ചടക്കത്തിന്റെയും കൂട്ടുത്തരവാദിത്വത്തിന്റെയും ലംഘനമാണെന്നും പ്രസ്താവനയില്‍ കുറ്റപ്പെടുത്തുന്നു.രാഷ്ട്രീയവും സംഘടനാപരവുമായ കാരണങ്ങളാലാണ് രാജിയെന്ന് ശ്രീജ ഫേസ്‌ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. യു.ഡി.എഫുമായി സഹകരിക്കാനുള്ള വെല്‍ഫെയര്‍ പാര്‍ട്ടി തീരുമാനത്തില്‍ ശ്രീജ നെയ്യാറ്റിന്‍കര ഉള്‍പ്പെടെയുള്ള ഒരു വിഭാഗത്തിന് എതിര്‍പ്പുണ്ട്.

പാലത്തായി വിഷയത്തില്‍ ബി.ജെ.പിക്കെതിരെ സ്വന്തം നിലയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന് കാണിച്ച്‌ അടുത്തിടെ ശ്രീജക്കെതിരെ പാര്‍ട്ടി നടപടിയുണ്ടായിരുന്നു. ഇതും രാജിക്ക് കാരണമായി.പാര്‍ട്ടി നല്‍കിയ കത്തിന് ധിക്കാരപരമായും പാര്‍ട്ടിയുടെ സംഘടനാ രീതികളെ പരിഹസിക്കുന്നതും പാര്‍ട്ടി കമ്മിറ്റിയെ വെല്ലുവിളിക്കുന്നതുമായ മറുപടിയാണ് അവര്‍ നല്‍കിയതെന്നും വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന എക്സിക്യൂട്ടിവിന്‍റെ വിശദീകരണ കുറിപ്പില്‍ പറയുന്നു.