മുംബൈ: പുതുതായി നിര്‍മ്മിച്ച 19 നിലകളുള്ള ആഡംബര ഫ്ലാറ്റ് കൊവിഡ് ആശുപത്രിയാക്കാന്‍ വിട്ടുനല്‍കി മുംബൈ സ്വദേശിയായ ഒരു വ്യവസായി. സംസ്ഥാനം കോവിഡിനെതിരെ ശക്തമായ ചെറുത്തുനില്‍പ്പ് നടത്തുന്നതിനിടെയാണ് സഹായഹസ്തവുമായി ഈ വ്യവസായി രംഗത്തെത്തിയത്.

മുംബൈ സ്വദേശിയായ മെഹുല്‍ സാങ്‌വി എന്നയാളാണ് തന്റെ പുത്തന്‍ കെട്ടിടം കോവിഡ് രോഗികള്‍ക്കായി വിട്ടുനല്‍കിയത്. ഷീജി ശരണ്‍ ഡെവലപ്പേഴ്‌സ് എന്ന സ്ഥാപന ഉടമയാണ് ഇദ്ദേഹം. മുംബൈ മാലാടിലെ എസ്വി റോഡിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്.

130 ഫ്ലാറ്റുകള്‍ അടങ്ങിയ 19 നില കെട്ടിടം എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കി ഉടമസ്ഥര്‍ക്ക് കൈമാറാന്‍ ഒരുങ്ങുമ്ബോഴായിരുന്നു കൊവിഡ് മഹാമാരി മുംബൈയെ കീഴ്പ്പെടുത്തിയത്. ഫ്ലാറ്റ് വാങ്ങിയവരുടെ അനുവാദം തേടിയതിന് ശേഷമാണ് കെട്ടിടം കൊവിഡ് രോഗികളെ ചികിത്സിക്കാനായി നല്‍കിയതെന്നും സാങ്‌വി വ്യക്തമാക്കി.

300 കോവിഡ് പോസിറ്റീവ് രോഗികളെ ഫ്‌ളാറ്റിലേക്ക് മാറ്റിക്കഴിഞ്ഞു. ഒരു ഫ്‌ളാറ്റില്‍ നാല് രോഗികളെയാണ് താമസിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്കുള്ള ചികിത്സയും ഇവിടെ നടന്നുവരുന്നതായി അധികൃതര്‍ അറിയിച്ചു.