ഒക് ലഹോമ: തുൾസയിൽ നടക്കുന്ന ട്രംപ് തെരഞ്ഞെടുപ്പു പ്രചാരണ റാലിയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കണമെന്നില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും ഒക് ലഹോമ സുപ്രീം കോടതി.

കൊറോണ വൈറസിന്‍റെ വ്യാപനം കുറയുന്നതിനു റാലിയിൽ പങ്കെടുക്കുന്നവർ മാസ്ക് ധരിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും ആവശ്യമായ ഉത്തരവിടണമെന്നാവശ്യപ്പെട്ട് ഇവിടെ താമസിക്കുന്ന രണ്ടു വീട്ടുകാർ നൽകിയ ഹർജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

സമ്മേളനം നടക്കുന്ന വേദിക്കകത്ത് 19,000 പേർ ഒത്തുചേരുമെന്നാണ് സംഘാടകർ അവകാശപ്പെടുന്നത്. വേദിക്കു പുറത്ത് ഒരു ലക്ഷത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രംപിന്‍റെ കാന്പയിൻ മാനേജർ ബ്രാണ്ട് പറഞ്ഞു. ഉത്സവത്തിന്‍റെ പ്രതീതി ജനിപ്പിക്കുന്ന അറീനക്കു പുറത്തുള്ളവരെയും ട്രംപ് അഭിസംബോധന ചെയ്യുമെന്ന് മാനേജർ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഒക് ലഹോമയിലെ ഗവർണർ കെവിൻ സ്റ്റിറ്റ് റാലിയിൽ പങ്കെടുക്കുന്പോൾ മാസ്ക് ധരിക്കണമെന്ന് അറിയിച്ചിട്ടുണ്ട്. റാലി നടക്കുന്ന തുൾസയിലെ സിറ്റി ഹെൽത്ത് ഡ‍യറക്ടർ ബ്രുണ്ട് ഡാർട്ട്, റാലി മാറ്റി വയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. 1921 ൽ ഇവിടെ നടന്ന വെളുത്തവർഗക്കാരും കറുത്ത വർഗക്കാരും തമ്മിൽ നടന്ന സംഘർഷത്തിൽ മുന്നൂറോളം പേർ മരിച്ചിരുന്നു. അതിന്‍റെ ഓർമ പുതുക്കുന്ന ജൂൺ 19 ന് റാലി നടത്താനായിരുന്നു ആദ്യ പരിപാടി.

റിപ്പോർട്ട്: പി.പി. ചെറിയാൻ