കൊല്‍ക്കത്ത : ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ അടുത്ത ബന്ധുക്കള്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഗാംഗുലിയുടെ മൂത്ത സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ (സിഎബി) സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ബംഗാള്‍ ആരോഗ്യ വകുപ്പാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സ്നേഹാശിഷിന്റെ ഭാര്യയ്ക്കു പുറമെ ഇവരുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സ്നേഹാശിഷിന്റെയും കുടുംബത്തിന്റെയും മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആശങ്കപ്പെടാനൊന്നുമില്ലെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
മുന്‍ രഞ്ജി ട്രോഫി താരം കൂടിയായ സ്നേഹാശിഷിനെ പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും ഫലം നെഗറ്റീവാണ്. എങ്കിലും അദ്ദേഹം ഹോം ഐസലേഷനിലാണ്. സ്നേഹാശിഷും കുടുംബവും സൗരവ് ഗാംഗുലിയുടെ കുടുംബവീട്ടിലായിരുന്നില്ല താമസമെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നാലു പേരെയും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
‘കോവിഡ് സ്ഥിരീകരിച്ച നാലുപേരും ആരോഗ്യ പ്രശ്നങ്ങളുള്ളതായി അറിയിച്ചിരുന്നു. ഇതിന് കോവിഡ് ലക്ഷണങ്ങളുമായി സാമ്യമുള്ളതിനാലാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇവരാരും സൗരവ് ഗാംഗുലിയുടെ ബെഹാലയിലുള്ള കുടുംബ വീട്ടിലായിരുന്നില്ല താമസം. മാത്രമല്ല, കോവിഡ് സ്ഥിരീകരിച്ചതോടെ ഇവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു’ – ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ബിസിസിഐ പ്രസിഡന്റിന്റെ സഹോദരന്‍ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനില്‍ പ്രധാന ചുമതലയിലെത്തുന്ന അപൂര്‍വത എന്ന പ്രത്യേകതയോടെയാണ് ഈ വര്‍ഷം ആദ്യം സ്നേഹാശിഷ് ഗാംഗുലി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത്.
1986 മുതല്‍ 1997 വരെ നീളുന്ന കാലഘട്ടത്തില്‍ ആഭ്യന്തര ക്രിക്കറ്റില്‍ സജീവമായിരുന്നു സ്നേഹാശിഷ്. ഇടംകയ്യന്‍ ബാറ്റ്സ്മാനും ഓഫ്-ബ്രേക്ക് ബോളറുമായിരുന്ന സ്നേഹാശിഷ് 59 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിലും 18 ലിസ്റ്റ് എ മത്സരങ്ങളിലും ഇന്ത്യന്‍ ജഴ്സിയണിഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 39.59 ശരാശരിയില്‍ ആറു സെഞ്ചുറിയും 11 അര്‍ധസെഞ്ചുറികളും സഹിതം 2534 റണ്‍സ് നേടി. രണ്ടു വിക്കറ്റുകളും സ്വന്തമാക്കി.