കണ്ണൂര്‍: വിമാനത്താവള അനുബന്ധ വ്യവസായ സംരംഭങ്ങള്‍ക്കായുളള കിന്‍ഫ്ര പദ്ധതികളുടെ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം നിര്‍ദേശിച്ചു. ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ക്കായുള്ള എല്‍എ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ഓഫീസ് 25ന് പ്രവര്‍ത്തനം ആരംഭിക്കും. ചാലോടാണ് ഓഫീസ് ആരംഭിക്കുന്നത്. പാതിരിയാട്, കീഴല്ലൂര്‍, പട്ടാനൂര്‍, പടിയൂര്‍, പഴശ്ശി, കോളാരി, ചെറുവാഞ്ചേരി, മൊകേരി വില്ലേജുകളിലായാണ് വിവിധ പ്രൊജക്ടുകള്‍ക്കായി ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവയെല്ലാം വിവിധ ഘട്ടങ്ങളിലാണ്. ഇതിനു പുറമെ മാലൂര്‍ പഞ്ചായത്തില്‍ പുതുതായി ഭൂമി കണ്ടെത്താനും യോഗത്തില്‍ മന്ത്രി നിര്‍ദേശം നല്‍കി.

നിരവധി നിക്ഷേപകര്‍ വിവിധ പ്രൊജക്ടുകള്‍ക്ക് താല്‍പ്പര്യം പ്രകടിപ്പിച്ച്‌ സര്‍ക്കാരിനെ സമീപിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. വിനോദ സഞ്ചാര മേഖല കോവിഡ് കാരണം പ്രതികൂലാവസ്ഥയിലാണ്. എന്നാല്‍ നാട്ടിലേക്ക് തിരിച്ചുവരുന്ന പ്രവാസികളുടെയടക്കം വൈദഗ്ധ്യം ഉപയോഗപ്പെടുത്തി വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കാനാകണം. മടങ്ങിവരുന്ന പ്രവാസികളെ ഇതിനായി വ്യവസായ വകുപ്പ് പ്രത്യേകം രജിസ്റ്റര്‍ ചെയ്യിക്കുന്നുണ്ട്. ഭൂമി വേഗത്തില്‍ ഏറ്റെടുത്തു നല്‍കുകയെന്നതാണ് ആവശ്യം. പരമാവധി വേഗത്തില്‍ ഭൂമി ഏറ്റെടുത്ത് നല്‍കാന്‍ കിന്‍ഫ്ര ശ്രദ്ധിക്കണം.

വിവിധ പദ്ധതികള്‍ക്കായുള്ള ഭൂമി ഏറ്റെടുക്കുന്നതിന്റെ പുരോഗതി യോഗം അവലോകനം ചെയ്തു. എല്ലാ ആഴ്ചയും നടപടി പുരോഗതി വിലയിരുത്താനും യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ്, അസി. കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, റവന്യൂ വകുപ്പ്്, കിന്‍ഫ്ര ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു