ഭോപാല്‍: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ദിഗ് വിജയ സിങിനും ബി.ജെ.പിയുടെ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും ജയം. ബി.ജെ.പിക്ക് രണ്ടും കോണ്‍ഗ്രസിന് ഒന്നും സീറ്റുകളാണ് ലഭിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ദിഗ്‌വിജയ് സിംഗിന് മാത്രമാണ് വിജയം നേടാനായത്.

മാര്‍ച്ചില്‍ കമല്‍നാഥ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് ജ്യോതിരാദിത്യ സിന്ധ്യ ബി.ജെ.പിയില്‍
ചേര്‍ന്നത്. ഇതിന് പ്രത്യുപകാരമായിട്ടായിരുന്നു ബി.ജെ.പി സിന്ധ്യയ്ക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. ബി.ജെ.പിയുടെ സുമര്‍ സിങ് സോളങ്കിയാണ് ജയിച്ച രണ്ടാമത്തെ വ്യക്തി. അട്ടിമറിക്ക് ശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പാണ് ഇത്. ദളിത് നേതാവ് ഫൂല്‍ സിങ് ഭരൈ ആയിരുന്നു കോണ്‍ഗ്രസിന്റെ രണ്ടാം സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തിന് വിജയിക്കാന്‍ കഴിഞ്ഞില്ല.

ആന്ധ്രപ്രദേശില്‍ നാലു സീറ്റുകളും വൈഎസ്‌ആര്‍ കോണ്‍ഗ്രസ് നേടി. ജാര്‍ഖണ്ഡില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച പ്രസിഡന്റ് ഷിബു സോറനും ബിജെപി സംസ്ഥാന പ്രസിഡന്റ് ദീപക് പ്രകാശും വിജയിച്ചു. മേഘാലയയിലെ ഏക സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 39 വോട്ട് നേടിയ എന്‍പിപി വിജയിച്ചു.