ഡല്‍ഹി: ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയില്‍ തിങ്കളാഴ്ച ചൈനയുമായി ഉണ്ടായ സംഘര്‍ഷത്തില്‍ 76 ഇന്ത്യന്‍ സൈനികര്‍ക്ക് കൂടി പരുക്കേറ്റതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇവരെല്ലാം വിവിധ സ്ഥലങ്ങളിലെ ആശുപത്രികളിലായി ചികിത്സയിലാണ്. നിലവില്‍ അവരില്‍ ആരുടെയും നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും ഉടന്‍ തന്നെ അവര്‍ക്ക് ജോലിയില്‍ തിരിച്ചെത്താന്‍ സാധിക്കുമെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഏറ്റുമുട്ടലിന് ശേഷം ഒരു ഇന്ത്യന്‍ ഭടനെയും കാണാതായിട്ടില്ലെന്നും സൈന്യം വ്യക്തമാക്കുന്നു.

സംഘര്‍ഷത്തിന് അയവുണ്ടാക്കുന്നതിനായി ഇരുരാജ്യങ്ങളിലെയും സൈനിക, നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. തിങ്കളാഴ്ചത്തെ ഏറ്റുമുട്ടലിന് ശേഷം മൂന്ന് വട്ടം ചര്‍ച്ചകള്‍ നടന്നു. വ്യാഴാഴ്ച നടന്ന ചര്‍ച്ചയില്‍ ഇന്ത്യന്‍ വിഭാഗത്തെ നയിച്ചത് 3 ഇന്‍ഫന്‍ഫറി ഡിവിഷന്‍ മേജര്‍ ജനറല്‍ അഭിജിത് ബാപത് ആയിരുന്നു. ഗല്‍വാന്‍ താഴ്‌വരയിലെ പട്രോളിങ് പോയിന്റെ 14ല്‍ ഉള്ള ചൈനയുടെ പക്ഷത്തെ സമാന റാങ്കിലുള്ള സൈനിക മേധാവിയുമായിരുന്നു ചര്‍ച്ച. നാലാം വട്ട ചര്‍ച്ച വെള്ളിയാഴ്ച തുടരും.

ചര്‍ച്ചകള്‍ ഫലപ്രദമാണെന്നും മൂന്ന് ദിവസത്തെ സംഘര്‍ഷത്തിന് അയവ് വരുന്നതാണ് ഇതുവരെയുള്ള സംഭാഷണങ്ങളെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. അടുത്ത ദിവസം നടക്കുന്ന ചര്‍ച്ചകളില്‍ വ്യക്തമായ ധാരണ ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

സംഘര്‍ഷത്തില്‍ ഒരു ഭടനെ പോലും കാണാതായിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കി. ഒരു മേജറും ക്യാപ്റ്റനും അടക്കം 10 ഇന്ത്യന്‍ സൈനികര്‍ ചൈനയുടെ കസ്റ്റഡിയിലാണെന്ന റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് സൈന്യത്തിന്റെ പ്രസ്താവന.

പരുക്കേറ്റ 18 സൈനികര്‍ ലെയിലെ ആശുപത്രിയിലാണ് ചികിത്സയിലെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച്‌ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. 15 ദിവസത്തെ ചികിത്സയിലൂടെ അവര്‍ക്ക് ദൗത്യത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ് പ്രത്യാശ. ശേഷിക്കുന്ന 56 പേര്‍ അതിര്‍ത്തിയിലെ മറ്റ് ആശുപത്രികളിലാണ് ഉള്ളത്. ഇവര്‍ക്കെല്ലാം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ തിരികെ ദൗത്യത്തില്‍ ചേരാനാകും.

തിങ്കളാഴ്ച നടന്ന സംഘര്‍ഷത്തില്‍ കേണല്‍ ബികെ സന്തോഷ് ബാബു ഉള്‍പ്പടെ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. ചൈന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യുന്നതിന് ശ്രമിക്കുമ്ബോഴായിരുന്നു ഇന്ത്യന്‍ ഭടന്മാര്‍ക്കുനേരെ ചൈനീസ് പട്ടാളത്തിന്റെ ആക്രമണം ഉണ്ടായത്. ഇരുമ്ബ് ദണ്ഡുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ചായിരുന്നു ആക്രമണം. ഏറ്റുമുട്ടലില്‍ 45 ചൈനീസ് സൈനികര്‍ക്ക് പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഇന്ത്യന്‍ സൈന്യം പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചൈന ഇതുവരെ വ്യക്തമായി ഒന്നും പ്രതികരിച്ചിട്ടില്ല.