ഇന്ത്യ- ചൈന സൈനിക ചര്‍ച്ചകള്‍ ഇന്നും തുടരും. ഗല്‍വാന്‍ അതിര്‍ത്തിയില്‍ വെച്ചാണ് ഇരുസേനയുടെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുക. സംഘര്‍ഷത്തില്‍ സൈനികരെ കാണാതായിട്ടില്ലെന്നും എന്നാല്‍ 76 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗം ഇന്ന് നടക്കും.
ഗല്‍വാന്‍ മേഖലയിലെ യഥാര്‍ത്ഥ നിയന്ത്രണരേഖയ്ക്കടുത്ത് വെച്ചാണ് ഇന്ത്യയുടെയും ചൈനയുടെയും മേജര്‍ ജനറല്‍മാര്‍ കൂടിക്കാഴ്ച നടത്തുക. കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ ധാരണ പ്രകാരമാണിത്. ഇന്നലെ നടന്ന ചര്‍ച്ചയില്‍ നേരിയ പുരോഗതി ഉണ്ടെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യയുടെ ഭാഗം കേള്‍ക്കാനും ചര്‍ച്ചകള്‍ തുടരാനുള്ള സന്നദ്ധതയും ചൈന പ്രകടിപ്പിച്ചു. എന്നാല്‍ സ്ഥിതിഗതിയില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അതിര്‍ത്തിയിലെ തര്‍ക്ക മേഖലയില്‍ നിന്ന് ചൈന സൈന്യത്തെ പിന്‍വലിക്കണമെന്നും ടെന്‍റുകള്‍ മാറ്റണമെന്നുമാണ് ഇന്ത്യയുടെ ആവശ്യം. ചൈന സ്വന്തം അതിര്‍ത്തിയില്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒതുക്കി നിര്‍ത്തുമെന്നാണ് ഇന്ത്യ പ്രതീക്ഷിക്കുന്നതെന്ന് സൈനിക വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ഇന്ത്യയുടെ ഒറ്റ സൈനികനെയും സംഘര്‍ഷത്തിനിടെ കാണാതായിട്ടില്ലെന്ന് ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ 76 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ 18 പേര്‍ കാശ്മതിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആണെന്നും ബാക്കി 58 പേര്‍ വിവിധ ആശുപത്രികളില്‍ ഉണ്ടെന്നും സൈനിക വൃത്തങ്ങള്‍ പറഞ്ഞു. നേരത്തെ സംഘര്‍ഷത്തില്‍ 10 ഇന്ത്യന്‍ സൈനികരെ കാണാതായെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. അതേസമയം ജൂണ്‍ 23ന് നടക്കുന്ന റഷ്യ ഇന്ത്യ – ചൈന ആര്‍.ഐ.സി ഉച്ചകോടിയില്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.



