കാസര്‍കോട്| നിരന്തരം ശബളം വൈകുന്നതില്‍ പ്രതിഷേധിച്ച് കാസര്‍കോട് ജില്ലയിലെ 108 ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം പിന്‍വലിച്ചു. ഇവര്‍ക്ക് കൃത്യമായി ശബളം ലഭിച്ചിട്ട് ഒമ്ബത് മാസമായി. ഒരു മാസത്തെ ശബളം മുടങ്ങിയിട്ടുമുണ്ട്. ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകള്‍ എടുക്കില്ലെന്നും ഇവര്‍ അറിയിച്ചിരുന്നു.
ജില്ലയില്‍ 14 ആംബുലന്‍സുകളിലായി 50 പേരാണ് ജോലി ചെയ്യുന്നത്. പലതവണ ചര്‍ച്ച നടത്തിയിട്ടും ഹൈദരാബാദ് ആസ്ഥാനമായ ജി വി കെ ഈ എം ആര്‍ ഐ കമ്ബനി ശബളം നല്‍കാത്തതിനെത്തുടര്‍ന്നാണ് ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങിയത്. പ്രശ്‌നത്തിന് പരിഹാരം ആവിശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്കും മെഡിക്കല്‍ ഓഫീസര്‍ക്കും ലേബര്‍ ഓഫീസര്‍ക്കും പരാതി നല്‍കിയിരുന്നു. പരാതിയെത്തുടര്‍ന്ന് കരാറാകാരുമായി ചര്‍ച്ച നടത്തുകയും മുടങ്ങിയ ശബളം നാളെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജീവനക്കാര്‍ സമരം പിന്‍വലിച്ചത്.



