ചെന്നൈ: തമിഴ്‌നാട്ടില്‍ സബ് ഇന്‍സ്‌പെക്ടര്‍ കൊവിഡ് 19 ബാധിച്ച്‌ മരിച്ചു. ചെന്നൈയില്‍ ചികില്‍സയിലിരിക്കെയാണ് എസ്‌ഐ ബാലമുരളി കൊവിഡിന് കീഴടങ്ങിയത്. നേരത്തെ ഒമാന്‍ദുരാര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയിലിരുന്ന ബാലമുരളിയെ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചെന്നൈ രാജീവ് ഗാന്ധി സര്‍ക്കാര്‍ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മംബാലം പോലിസ് സ്‌റ്റേഷനിലാണ് ബാലമുരളി ജോലി ചെയ്തിരുന്നത്. തമിഴ്‌നാട്ടില്‍ ആദ്യമായാണ് ഒരു പോലിസുകാരന്‍ കൊവിഡ് ബാധിച്ച്‌ മരിക്കുന്നത്.

ലോക്ക്ഡൗണ്‍ സമയത്ത് ക്രമസമാധാന ചുമതലയിലുണ്ടായിരുന്ന ആയിരക്കണക്കിന് പോലിസുകാരില്‍ നിരവധി പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അതില്‍ മിക്കവറും പേര്‍ രോഗമുക്തരായി.

ബാലമുരളിയുടെ മരണത്തില്‍ അനുശോചിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരും ഇന്ന് 5 മണിക്ക് മൗനാചരണം നടത്തും.

ഇന്ന് തമിഴ്‌നാട്ടില്‍ 24 മണിക്കൂറിനുള്ളില്‍ 2,174 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. 24 പേര്‍ മരിക്കുകയും ചെയ്തു. സംസ്ഥാനത്ത് ആകെ 50,193 പേര്‍ക്കാണ് രോഗബാധയുണ്ടായിട്ടുള്ളത്. ഇതില്‍ പകുതിയില്‍ കൂടുതലും ചെന്നൈ നഗരത്തിലാണ്. അത് ഏകദേശം 35,556 വരും. സംസ്ഥാനത്ത് ഇതുവരെ കൊവിഡ് ബാധിച്ച്‌ 576 പേര്‍ മരിച്ചിട്ടുണ്ട്.

രോഗവ്യാപനം തീവ്രമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം നാല് ജില്ലകള്‍ പൂര്‍ണമായും അടച്ചിരിക്കുകയാണ്. ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവുളളവര്‍ ജില്ലകളാണ് അടച്ചത്. ജൂണ്‍ 30 വരെയാണ് ലോക്ക് ഡൗണ്‍.