ന്യൂഡല്‍ഹി : ലഡാക്കിലെ ഗാല്‍വാന്‍ വാലിയില്‍ തിങ്കളാഴ്ച രാത്രി ചൈനീസ് സൈനികരുമായി നടത്തിയ ഏറ്റുമുട്ടലില്‍ കേണല്‍ ഉള്‍പ്പെടെ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി എന്‍‌ഡി‌ടി‌വി റിപ്പോര്‍ട്ട് ചെയ്തു .

5 പതിറ്റാണ്ടിനിടയില്‍ അതിര്‍ത്തിയിലെ ഏറ്റവും ഗുരുതരമായ സംഘര്‍ഷാവസ്ഥയാണ് നിലനില്‍ക്കുന്നത് . ഒരു സമയത്ത് ഇരുവിഭാഗത്തിലെയും സൈനികര്‍ അതിര്‍ത്തിയില്‍ നിന്നും പിന്‍വലിയല്‍ പ്രക്രിയയിലായിരുന്നു .

അതേസമയം 43 ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെടുകയോ ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തതായി വാര്‍ത്താ ഏജന്‍സി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടക്കുന്നുവെന്ന ചൈനയുടെ വാദത്തെ തള്ളിപ്പറഞ്ഞുകൊണ്ട് ചൈനീസ് പക്ഷം ഏകപക്ഷീയമായി അവിടെ സ്ഥിതിഗതികള്‍ മാറ്റാനുള്ള ശ്രമത്തിന്റെ ഫലമായാണ് ഏറ്റുമുട്ടലുകള്‍ നടന്നതെന്ന് ഇന്ത്യ പറയുന്നു .