തൃശൂര്‍: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആഴ്ചയില്‍ ഒരു തവണ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഫിസുകളില്‍ അണുനശീകരണം നടത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കളക്ടറുടെ ചേമ്ബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ്-മഴക്കാല രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. ജില്ലയിലാകെയുള്ള മാര്‍ക്കറ്റുകളും പൊതുഇടങ്ങളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു. ഓഫിസുകള്‍ വൃത്തിയാക്കാനാവശ്യമായ ഫ്യൂമിക്കേറ്റര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ സാധിക്കുമെങ്കില്‍ വാങ്ങി ഉപയോഗിക്കണം.

മഴക്കാലത്തെ വെള്ളപ്പൊക്ക സാധ്യതകള്‍ കണക്കിലെടുത്ത് ആളുകളെ മാറ്റിപാര്‍പ്പിക്കേണ്ടിവന്നാല്‍ ആവശ്യമായ കെട്ടിടസൗകര്യങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച്‌ പഞ്ചായത്ത്തല ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കും.

കൊവിഡ് സെന്റര്‍ ക്ലെയിമിന്റെ ഭാഗമായ തുക ലഭിക്കാനുളള പഞ്ചായത്തുകള്‍ വിശദമായ വിവരം ഡിഡി പഞ്ചായത്തിനെ അറിയിക്കണം. ഡിഡിപി ഇത് സംബന്ധിച്ച്‌ ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ജില്ലാ കലക്ടര്‍ എസ് ഷാനവാസ്, ദുരന്തനിവാരണ അതോറിറ്റി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എം സി റെജില്‍, ജില്ലാ കുടുംബശ്രീ മിഷന്‍ കോഡിനേറ്റര്‍ കെ വി ജ്യോതിഷ്‌കുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എ വി അബ്ദുള്‍ ലത്തീഫ് എന്നിവര്‍ പങ്കെടുത്തു. യോഗശേഷം മന്ത്രി എ സി മൊയ്തീന്‍, ജില്ലാ കളക്ടര്‍ എസ് ഷാനവാസ് എന്നിവര്‍ അണുനശീകരണം നടത്തിയ ശക്തന്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു.