ബോളിവുഡ് താരം സുശാന്ത് സിംഗ് രജപുതിന്റെ മരണം സിനിമാ ലോകത്തിനും ആരാധകര്‍ക്കും ഉള്‍ക്കൊള്ളാനായിട്ടില്ല. സുശാന്തിന്റെ മരണാനന്തര ചടങ്ങുകള്‍ തിങ്കളാഴ്ച മുംബൈയില്‍ നടന്നു. ചടങ്ങില്‍ പങ്കെടുത്ത ബോളിവുഡ് താരം വിവേക് ഒബ്റോയി സോഷ്യല്‍ മീഡിയയില്‍ കുറിച്ച പോസ്റ്റ് വൈറലാവുകയാണ്. ചടങ്ങുകള്‍ ഹൃദയഭേദകമായിരുന്നു എന്നാണ് വിവേക് കുറിച്ചത്.
സുശാന്തിന്റെ അകാല നിര്യാണം എല്ലാവര്ക്കും ഉണര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ഒരു ആഹ്വാനമാണെന്ന് താരം കുറിപ്പില്‍ വ്യക്തമാക്കുന്നു. അധികാരക്കളികള്‍ അവസാനിപ്പിച്ച് ബോളിവുഡ് മാറിച്ചിന്തിക്കേണ്ട സമയമായെന്നും വിവേക് മുന്നറിയിപ്പ് നല്കുന്നു. സുശാന്തിന്റെ മരണത്തിനു പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതങ്ങള്ക്കെതിരെ നിരവധി പേര് രംഗത്തെത്തിയിരുന്നു.
വിവേക് ഒബ്റോയ് പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണ രൂപം
സുശാന്തിന്റെ സംസ്കാരച്ചടങ്ങുകളില്‍ പങ്കെടുത്തത് ഹൃദയഭേദകമായ കാര്യമായിരുന്നു. എന്റെ വ്യക്തിപരമായ അനുഭവങ്ങള്‍ സുശാന്തുമായി പങ്കുവച്ചിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകുന്നു. അതൊരുപക്ഷേ അവന്റെ വേദന കുറച്ചേക്കുമായിരുന്നു. ഇതേ വേദനയോടെയായിരുന്നു എന്റെ യാത്രയും. അത് വളരെ ഇരുണ്ടതും ഒറ്റപ്പെടല്‍ നിറഞ്ഞതുമായിരുന്നു. പക്ഷേ മരണമല്ല അതിനുള്ള ഉത്തരം. ആത്മഹത്യയല്ല അതിനുള്ള പരിഹാരം. അവന്റെ കുടുംബത്തെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും അവന്റെ നഷ്ടത്തില്‍ വേദനിക്കുന്ന ആരാധകരെ കുറിച്ചും ഒരു നിമിഷം ചിന്തിച്ചിരുന്നെങ്കില്‍ അവന് പിന്തിരിഞ്ഞേനെ. അവനെ അവരെത്ര കരുതലോടെ കണ്ടിരുന്നെന്ന് തിരിച്ചറിഞ്ഞേനേ. ഇന്ന് സുശാന്തിന്റെ അച്ഛനെ കണ്ടു, മകന്റെ ചിതയ്ക്ക് തീ കൊളുത്തേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട വേദന ഒരിക്കലും സഹിക്കാനാവില്ല. തിരിച്ചുവരാന്‍ കെഞ്ചി പറഞ്ഞുകൊണ്ടുള്ള അവന്റെ സഹോദരിയുടെ കരച്ചില് കേട്ടപ്പോള്‍ ആ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് എനിക്ക് പറയാനാവുന്നില്ല. സ്വയം കുടുംബമെന്ന് വിശേഷിപ്പിക്കുന്ന ബോളിവുഡ് സിനിമാ മേഖല മാറി ചിന്തിക്കേണ്ട സമയമാണിത്. നല്ലതിനായി മാറേണ്ടതുണ്ട്, മറ്റുള്ളവരെക്കുറിച്ചും നമ്മള് ആശങ്കപ്പെടേണ്ടതുണ്ട്, അധികാര കളി അവസാനിപ്പിക്കണം, വിശാല മനസോടെ പ്രവര്‍ത്തിക്കണം, ഈഗോ മാറ്റി വച്ച് കഴിവുള്ളവരെ അംഗീകരിക്കണം, ഈ കുടുംബം ശരിക്കും കുടുംബമായി മാറേണ്ടതുണ്ട്. കഴിവിനെ പരിപോഷിപ്പിക്കുന്ന ഇടമാവണം. അതില്ലാതാക്കുന്ന ഇടമല്ല. കലാകാരന് അംഗീകരിക്കപ്പെടുന്ന ഇടം. കബളിക്കപ്പെടുന്ന ഇടമല്ല. ഇതെല്ലാവരും ഉണരേണ്ട സമയമാണ്. എപ്പോഴുമുള്ള സുശാന്തിന്റെ ആ പുഞ്ചിരി എനിക്ക് മിസ് ചെയ്യും. നിന്റെയുള്ളിലെ എല്ലാ സങ്കടങ്ങളും ഇല്ലാതാക്കാന്‍ ഞാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. നിന്റെ നഷ്ടം സഹിക്കാനുള്ള ശക്തി നിന്റെ കുടുംബത്തിന് നല്‍കാനും. നീയിന്ന് മികച്ച സ്ഥലത്താവാന് പ്രാര്‍ഥിക്കുന്നു, ഒരുപക്ഷേ നിന്നെ ഞങ്ങള്‍ അര്ഹിക്കുന്നുണ്ടായിരിക്കില്ല.



