കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ആറാം പ്രതിക്ക് ജാമ്യം അനുവദിച്ചു. പ്രതി പ്രദീപിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഇതേ കേസില്‍ സമാനമായ കുറ്റം ചുമത്തിയ അഞ്ചാം പ്രതിയായ സലിമിനു കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

2017 ഫെബ്രുവരി 17നാണു നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച്‌ ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവം നടന്നത്. നടിയെ തട്ടിക്കൊണ്ടുവന്ന സംഘത്തെ കാത്ത് കളമശേരി അപ്പോളോ ജംഗ്ഷനില്‍ നിന്ന പ്രദീപ് ഇവരുടെ വാഹനത്തില്‍ കയറി നടിയെ തടഞ്ഞുവയ്ക്കാന്‍ സഹായിച്ചെന്നാണ് പ്രോസിക്യൂഷന്‍ വാദം.

കേസിന്റെ നടപടികള്‍ വിചാരണക്കോടതിയില്‍ തുടരുകയാണ്. നടന്‍ ദിലീപ് അടക്കം പത്ത് പ്രതികളാണ് കേസില്‍ വിചാരണ നേരിടുന്നത്. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേസിലെ സാക്ഷി വിസ്താരം നിര്‍ത്തിവച്ചിരിക്കുകയാണ്.

മുഖ്യസാക്ഷിയായ മഞ്ജു വാര്യര്‍, മറ്റു സാക്ഷികളായ കുഞ്ചാക്കോ ബോബന്‍, ലാല്‍, രമ്യ നമ്ബീശന്‍, ബിന്ദു പണിക്കര്‍, സിദ്ദിഖ്, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെ വിസ്തരിച്ചിരുന്നു.