ന്യുയോര്‍ക്ക്: ലോകാവസാനം പ്രവചിച്ച് രംഗത്തെത്തിയിരിക്കുകയാണ് പൗലോ ടഗാലോഗ്വിന്‍. പൗലോയുടെ പ്രവചനപ്രകാരം ലോകം അവസാനിക്കുന്നത് എന്നാണെന്നോ ? അടുത്ത ഞായറാഴ്ച (ജൂണ്‍ 21). മായന്‍ കലണ്ടറിനെ കൂട്ടുപിടിച്ചാണ് പൗലോയുടെ പ്രവചനം. കൊവിഡ് 19 എന്ന മഹാമാരി, അമേരിക്കയിലെ കലാപങ്ങള്‍, വെട്ടുകിളി ആക്രമണങ്ങള്‍, കൊടുങ്കാറ്റ്, അഗ്നി പര്‍വത സ്ഫോടനം എന്നിവ ലോകാവസാനത്തിന്റെ ലക്ഷണങ്ങളായി ഇയാള്‍ പറയുന്നു.
ട്വിറ്ററിലൂടെയാണ് പുതിയ ചര്‍ച്ചകള്‍ ഉടലെടുത്തിരിക്കുന്നത്. മായന്‍ കലണ്ടറിലെ ലോകാവസാനം ശരിയാണെന്നും എന്നാല്‍ നമ്മള് കലണ്ടറിനെ വായിച്ച രീതി തെറ്റാണെന്നുമാണ് പറയുന്നത്. നമ്മള് ഇപ്പോള്‍ ഉപയോഗിക്കുന്ന ഗ്രിഗോറിയന്‍ കലണ്ടറുകള്‍ക്ക് മുന്നേ നിലനിന്നവയാണ് മായന്‍, ജൂലിയന്‍ തുടങ്ങിയ കലണ്ടറുകള്‍. ഗ്രിഗോറിയന്‍ കലണ്ടറില്‍ നിന്നും 13 ദിവസം പിന്നിലാണ് ജൂലിയന്‍ കലണ്ടറിലെ തീയതി. അതായത് ഇന്ന് ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ജൂണ്‍ 15 എങ്കില്‍, ജൂലിയനില്‍ അത് ജൂണ്‍ 2 ആയിരിക്കും.
എന്നാല്‍ ഇതൊന്നുമല്ല ശരിയെന്നാണ് ഒരു ശാസ്ത്രജ്ഞന് പറയുന്നത്.’ യഥാര്‍ത്ഥത്തില്‍ ജൂലിയന്‍ കലണ്ടര്‍ പ്രകാരം നമ്മള് ഇപ്പോള്‍ 2012ല്‍ ആണത്രെ.! ജൂലിയന്‍ കലണ്ടറില്‍ നിന്നും ഗ്രിഗോറിയന്‍ കലണ്ടറിലേക്ക് മാറിയപ്പോള്‍ ഒരു വര്‍ഷത്തില്‍ നിന്നും നഷ്ടമായത് 11 ദിവസമാണ്. ഇപ്പോള്‍ 268 വര്‍ഷങ്ങളായി നാം ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നു. അതായത്, 1752 മുതല്‍. ഈ 258 വര്ഷങ്ങള്ക്കിടെയിലും ഓരോ വര്‍ഷവും നഷ്ടപ്പെട്ട് കൊണ്ടിരുന്ന 11 ദിവസങ്ങള്‍ കൂട്ടിയാല്‍ ആകെ 2,948 ദിവസങ്ങള്‍ വരും.
ഈ 2,948 ദിവസങ്ങളെ 365 ദിവസങ്ങളുള്ള ഓരോ വര്‍ഷമായി വിഭജിച്ചാല്‍ എട്ട് വര്‍ഷങ്ങള്‍ വരും. അതായത്, നമ്മള് 8 വര്‍ഷം പിന്നിലാണത്രെ ‘. പൗലോ ടഗാലോഗ്വിന്‍ എന്ന ശാസ്ത്രജ്ഞനാണ് ട്വിറ്ററിലൂടെ വിചിത്ര കണക്കുകളുമായി രംഗത്തെത്തിയത്. യഥാര്‍ത്ഥത്തില്‍ മായന്‍ കലണ്ടര്‍ അവസാനിക്കുന്നത് ജൂണ്‍ 21നാണെന്നും അവരുടെ വിശ്വാസ പ്രകാരം അന്നാണ് ലോകാവസാനമെന്നുമാണ് ഈ കണക്കുകളൊക്കെ ഹരിച്ചും ഗുണിച്ചുമൊക്കെ പൗലോ ടഗാലോഗ്വിന്‍ പ്രവചിച്ചിരിക്കുന്നത്. ശരിക്കും 2012 ഡിസംബര്‍ 21 എന്നത് 2020 ജൂണ്‍ 21 ആണെന്നാണ് ടഗാലോഗ്വിന്‍ പറയുന്നത്.
കഴിഞ്ഞാഴ്ചയാണ് ഇയാള്‍ ഈ ട്വീറ്റ് പോസ്റ്റ് ചെയ്തത്. ഇതും ഇതുമായി ബന്ധപ്പെട്ട ട്വീറ്റുകളും ഇപ്പോള്‍ നീക്കം ചെയ്തിരിക്കുകയാണ്. അതേസമയം പ്രവചനത്തെ നാസയും പരിഹസിച്ചിട്ടുണ്ട്. ഭൂമിയിലേക്ക് അടുത്തു കൊണ്ടിരിക്കുന്ന നിബിരു എന്ന സുമേറിയക്കാരുടെ സാങ്കല്‍പ്പിക ഗ്രഹത്തെ ആശ്രയിച്ചാണ് ഈ കഥകള്‍ തുടങ്ങിയതെന്ന് നാസ പറയുന്നു. 2003 ലാണ് ലോകാവസാനം ആദ്യം പ്രവചിക്കപ്പെട്ടത്. എന്നാല്‍ അന്ന് ഒന്നും സംഭവിച്ചില്ല. തുടര്‍ന്ന് ചുഴലിക്കാറ്റും അതിശൈത്യവും വന്നതോടെ ലോകാവസാന വാദക്കാര്‍ അത് 2012 ലേക്ക് നീട്ടി. അതും കഴിഞ്ഞപ്പോഴാണ് ഇപ്പോള്‍ 2020 ജൂണ്‍ 21 ലേക്ക് മാറ്റിയതെന്ന് നാസ പറയുന്നു.
അതിനിടയില്‍ സൂര്യഗ്രഹണം ദൃശ്യമാകുന്നതുമായി ബന്ധപ്പെട്ട് ലോകാവസാന ചര്‍ച്ചകള്‍ ഗള്‍ഫ് മേഖലയിലും പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ദുബായ് അസ്ട്രോണമി ഗ്രൂപ്പ് ഉള്‍പ്പെടെയുള്ളവര്‍ തള്ളുകയാണ്. ഈ മാസം 21 ന് ലോകം അവസാനിക്കുമെന്ന പ്രചരണം അശാസ്ത്രീയവും യുക്തിരഹിത വാദവുമാണെന്നാണ് ഇവര്‍ പറയുന്നത് ഇത്തരം സന്ദേശങ്ങളെ ഒരിക്കലും ശാസ്ത്രം പിന്തുണയ്ക്കില്ലെന്നും ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.



